പഴയഭൂതം വീണ്ടും മുംബെ തെരുവില്‍
മുംബെ : മഹാരാഷ്ട്രയുടെ തെരുവുകളില്‍ പഴയ ദുര്‍ഭൂതം വീണ്ടും അഴിഞ്ഞാടാനിറങ്ങുന്നു. മഹാരാഷ്ട്രയില്‍ നിന്നും അന്യസംസ്ഥാനക്കാരെ തുരത്താന്‍ അന്ന് തെരുവിലിറങ്ങിയത് ശിവസേനയുടെ ഗുണ്ടാപ്പടയെങ്കില്‍ ഇന്നത് രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന.
ഉത്തരേന്ത്യക്കാരോടുളള ശിവസേനാ സമീപനത്തില്‍ അയവ് വന്നെന്ന് തിരിച്ചറിഞ്ഞാണ് രാജ് താക്കറെയുടെ ഗുണ്ടാപ്പട തെരുവുകളില്‍ അഴിഞ്ഞാട്ടത്തിന് നേതൃത്വം നല്‍കുന്നത്.
മുലായം സിംഗ് യാദവിന്റെ നേതൃത്വത്തില്‍ രൂപപ്പെടുന്ന ദേശീയ പുരോഗമസഖ്യത്തിന്റെ പൊതുയോഗ റാലിയില്‍ പങ്കെടുക്കാനെത്തിയ ഉത്തരേന്ത്യക്കാര്‍ക്ക് നേരെയാണ് നവനിര്‍മ്മാണ്‍ സേനാ ഗുണ്ടകള്‍ ആക്രമണം അഴിച്ചു വിട്ടത്. കലാപം തടയാന്‍ പട്ടാളം രംഗത്തിറങ്ങിയിട്ടുണ്ട്.
ദാദറിലെ ശിവാജി പാര്‍ക്കില്‍ നടക്കുന്ന പൊതുയോഗത്തെ മുലായം സിംഗ് യാദവ്, ചന്ദ്രബാബു നായിഡു, ഫാറൂഖ് അബ്ദുളള, അമര്‍സിംഗ്, ജയാ ബച്ചന്‍ എന്നിവര്‍ അഭിസംബോധ ചെയ്യും. ദേശീയ നേതാക്കള്‍ക്ക് നേരെയും അക്രമത്തിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. അമിതാബ് ബച്ചന്റെ മഹാരാഷ്ട്രാക്കൂറിനെ രാജ് താക്കറെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഞായറാഴ്ച വെളുപ്പിന് ബച്ചന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു.
സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകരും എംഎന്‍എസ് പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ദാദര്‍ പ്ലാസ തീയേറ്ററിന്റെ ഗ്ലാസുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. ടാക്സി ഡ്രൈവര്‍മാരും വഴിവാണിഭക്കാരും കാല്‍നടയാത്രക്കാരും വ്യാപകമായി അക്രമിക്കപ്പെടുന്നുണ്ട്.
താനയിലും നാസിക്കിലും ഭോജ്‍പൂരി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്കെതിരെയും അക്രമം നടന്നു.
രാജ് താക്കറെയുടെ പ്രസ്താവനകള്‍ക്കെതിരെ സമാജ് വാദി നേതാക്കള്‍ പ്രതികരിച്ചതോടെയാണ് അണികള്‍ തെരുവിലിറങ്ങിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ അക്രമം നടത്തിയിട്ട് സുരക്ഷിതരായി മടങ്ങിപ്പോവില്ലെന്നാണ് മുഖ്യമന്ത്രി വിലാസ് റാവു ദേശ്‍മുഖ് പ്രസ്താവിച്ചത്.
പഴയ ദുര്‍ഭൂതം മുംബെയിലെ തെരുവുകളില്‍ വീണ്ടും അഴിഞ്ഞാടാന്‍ എത്തുമ്പോള്‍ ഭരണം കൈയാളുന്നത് അന്ന് ഭൂതത്തെ കുടത്തില്‍ നിന്ന് തുറന്നു വിട്ടവര്‍. മലയാളികളടക്കമുളള അന്യസംസ്ഥാനക്കാര്‍ക്ക് ഇനി ഉള്‍ക്കിടിലത്തിന്റെ നാളുകള്‍.


Click it and Unblock the Notifications