ജയില്‍ ശിക്ഷ കഴിഞ്ഞ് വീടിനായി അലച്ചില്‍
ദില്ലി: 34 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് പ്രഭുനാഥ് ജയില്‍ മോചിതനായത്. ബ്യൂറോക്രസിയുടെ അലംഭാവം മൂലം നീണ്ടു പോയ തടവുജീവിതത്തിനിടയില്‍ മാനസികനില തെറ്റിയ പ്രഭുനാഥിന് തന്റെ വീടെവിടെയെന്ന് ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല.
അനധികൃതമായി പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലാണ് 1974ല്‍ പ്രഭുനാഥ് അറസ്റ്റിലാവുന്നത്. പ്രഭുനാഥ് ചെയ്ത കുറ്റത്തിന് ലഭിക്കുമായിരുന്നത് ഏറിയാല്‍ രണ്ടു വര്‍ഷത്തെ ശിക്ഷയാണ്. എന്നാല്‍ വിചാരണയ്ക്കിടയില്‍ പ്രഭുനാഥിന്റെ ഫയല്‍ കാണാതായി. അതോടെ അയാളുടെ ജയില്‍വാസം അനന്തമായി നീണ്ടു.
ഈയിടെ മറ്റ് ഫയലുകള്‍ തിരയുന്നതിനിടയിലാണ് പൊലീസ് പ്രഭുനാഥിന്റെ ഫയല്‍ കണ്ടെത്തിയത്. തുടര്‍ന്ന് 34 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം പ്രഭുനാഥ് മോചിതനായി. പക്ഷേ ഇത്രയും നീണ്ട തടവിനിടയില്‍ അയാളുടെ മാനസിക നില തകരാറിലായിരുന്നു. പ്രഭുനാഥിന് അയാളുടെ മേല്‍വിലാസം ഓര്‍ത്തെടുക്കാനാവുന്നില്ല. പ്രഭുനാഥിന്റെ വീട് കണ്ടെത്താന്‍ പൊലീസ് ഏറെ പണിപ്പെടുകയാണ്.
പൊലീസ് റെക്കോഡുകളില്‍ ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ എതല വില്ലേജാണ് പ്രഭുനാഥിന്റെ ജന്മസ്ഥലം. പക്ഷേ ബസ്തി ഇപ്പോള്‍ മൂന്ന് ജില്ലകളായി വിഭജിച്ചിരിക്കുകയാണ്. റെക്കോഡില്‍ കൊടുത്തിരിക്കുന്ന പൊലീസ് സ്റ്റേഷന്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുമില്ല. എതലയിലെ ആരും പ്രഭുനാഥിനെ തിരിച്ചറിയുന്നുമില്ല.
പ്രഭുനാഥ് തന്റെ സ്ഥലത്തിന്റെ പേര് തെറ്റായി ഉച്ചരിച്ചതാണോ എന്ന് സംശയത്തില്‍ എതവ എന്ന പേരിലുള്ള മറ്റൊരു ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications