ബാങ്ക് ലോക്കറിലെ സമ്പാദ്യം ചിതല്‍ തിന്നു
പട്ന: ബാങ്ക് ലോക്കറുകള്‍ എത്രത്തോളം സുരക്ഷിതമാണ്? തങ്ങളുടെ സമ്പാദ്യം ഏറ്റവും സുരക്ഷിതമായിരിക്കണമെന്ന് കരുതി ബാങ്ക് ലോക്കറുകളില്‍ അത് സൂക്ഷിക്കാന് തീരുമാനിക്കുന്നവര്‍ ആ തീരുമാനത്തെ ചിലപ്പോള്‍ പഴിക്കേണ്ടിവരും.
പട്നയിലെ വ്യാപാരിയായ അറുപത്തിയഞ്ചുകാരനായ ദ്വാരക പ്രസാദ് തന്റെ സമ്പാദ്യം മുഴുവന്‍ സൂക്ഷിച്ചിരുന്നത് ഒരു പൊതുമേഖലാ ബാങ്കിന്റെ ലോക്കറിലാണ്. സമ്പാദ്യം സുരക്ഷിതമായിരിക്കണമെന്ന് ആഗ്രഹിച്ച് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച ദ്വാരക പ്രസാദിന് അതെല്ലാം നഷ്ടമായി.
4.5 ലക്ഷം രൂപയും രണ്ട് ലക്ഷം രൂപ വരുന്ന ആഭരണങ്ങളും വിലപ്പെട്ട രേഖകളുമാണ് പ്രസാദ് രണ്ട് വര്‍ഷം മുമ്പ് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഏതാനും മാസം മുമ്പ് ലോക്കര്‍ തുറന്ന പ്രസാദ് കാണുന്നത് തന്റെ സമ്പാദ്യമെല്ലാം ചിതല്‍ തിന്ന നിലയിലാണ്. സ്വര്‍ണാഭരണങ്ങളുടെ തിളക്കവും നഷ്ടപ്പെട്ടിരുന്നു.
നഷ്ടപരിഹാരത്തിനായി സെന്‍ട്രല്‍ ബാങ്ക് അധികൃതരോട് പ്രസാദ് ആവശ്യപ്പെട്ടെങ്കിലു അവര്‍ കൈമലര്‍ത്തുകയാണ്. അടച്ചിട്ട ലോക്കറില്‍ ചിതലുണ്ടെന്ന് ബാങ്ക് അധികൃതര്‍ക്ക് എങ്ങനെ അറിയാനാവുമെന്നാണ് ബാങ്ക് മാനേജരുടെ ചോദ്യം. ലോക്കര്‍ തുറന്ന സ്ഥിതിയിലേ അതില്‍ ചിതലിനെ കൊല്ലാനുള്ള മരുന്ന് തളിക്കാനാവൂവെന്നും ബാങ്ക് മാനേജര്‍ പറയുന്നു. പ്രസാദ് ഇപ്പോള്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications