ഇന്റര്‍നെറ്റിലെ ഇന്ത്യന്‍ സാന്നിധ്യം വര്‍ദ്ധിയ്‌ക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പ്രാദേശിക വെബ് സൈറ്റുകളുടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 34 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് പഠനങ്ങള്‍.

ജസ്റ്റ്‌ കണ്‍സള്‍ട്ട്‌ എന്ന സ്ഥാപനം നടത്തിയ സര്‍വെയിലാണ് ഇന്ത്യന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളിലുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വെളിപ്പെട്ടിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ 12 ശതമാനം ഉപയോക്താക്കളുടെ എണ്ണത്തില്‍ നിന്നാണ് 34 ശതമാനം വളര്‍ച്ച ഇന്ത്യന്‍ പ്രാദേശികാ ഭാഷ സൈറ്റുകള്‍ നേടിയിരിക്കുന്നത്. 28 ശതമാനം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന് ഇംഗ്ലീഷ് മാത്രമായി ഉപയോഗിക്കുന്പോഴാണ് ഭാഷാ സൈറ്റുകള്‍ ഈ വളര്‍ച്ച നേടിയെന്നത് ഏറെ ശ്രദ്ധേയമാണ്.

ഭാഷാ സൈറ്റുകള്‍ നല്കുന്ന ഉള്ളടക്കം വളരെയേറെ കുറവായിരുന്നിട്ടും 34 ശതമാനം പേര്‍ സ്ഥിരമായി ഭാഷാ വെബ് സൈറ്റുകള്‍ സന്ദര്‍ശിയ്ക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളുടെ മൊത്തം എണ്ണത്തിലും വര്‍ദ്ധനവ് പഠനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. . മുന്‍ കാലങ്ങളിലേതു പോലെ നഗരങ്ങളിലാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

4.9 കോടി ഉപയോക്താക്കളില്‍ നാല്‌ കോടിയോളം പേര്‍ നഗരവാസികളാണ്‌. ഇവരുടെ എണ്ണം ഒരോ വര്‍ഷവും വര്‍ദ്ധിയ്‌ക്കുന്നുവെന്ന്‌ തന്നെയാണ്‌ പഠനങ്ങള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നത്‌. നഗരങ്ങളില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 19 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

നെറ്റിസണ്‍സില്‍ 2.5 കോടിയോളം പേര്‍ ദിവസവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരാണ്‌. ഇവരുടെ പ്രായത്തിലും പ്രകടമായ വ്യത്യാസങ്ങള്‍ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. 77 ശതമാനം ഇന്റര്‍നെറ്റ്‌ ഉപയോക്താക്കളും 19 നും 35നും ഇടയില്‍ പ്രായമുള്ളവരാണ്‌.

പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു രസകരമായ കാര്യം ഇന്ത്യക്കാര്‍ക്കിന്നും ഇന്റര്‍നെറ്റെന്നാല്‍ ഇമെയിലെന്നത്‌ തന്നെയാണ്‌. 91 ശതമാനം സമയം ഇവര്‍ ഇമെയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ചെലവഴിയ്ക്കുന്പോള്‍‍ ജോലിയന്വേഷിയ്ക്കുന്നതിനും ചാറ്റിംഗിമുമായി യഥാക്രമം 72 ഉം 70 ശതമാനം സമയമാണ്‌ ഉപയോഗിക്കുന്നത്‌.

ഇന്റര്‍നെറ്റിലൂടെയുള്ള കച്ചവടവും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്നുവെന്ന്‌ തന്നെയാണ്‌ കണക്കുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌. പുസ്‌തകങ്ങള്‍, വസ്‌ത്രങ്ങള്‍, ഡിവിഡികള്‍ തുടങ്ങിയവയ്‌ക്കാണ്‌ ഇന്റര്‍നെറ്റ്‌ വിപണിയിലെ പ്രിയപ്പെട്ട വിഭവങ്ങള്‍.

സ്വന്തം വീടുകളിലിരുന്ന്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനാണ്‌ 41 ശതമാനം പേര്‍ ഇഷ്ടപ്പെടുന്നത്‌. സ്ഥിരമായി നെറ്റ്‌ ഉപയോഗിക്കുന്നവരില്‍ പത്തില്‍ ഒന്പത്‌ പേരും വീടോ ഓഫീസോ ഇതിനായി ഉപയോഗിക്കുന്നു.

മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച്‌ ഇന്റര്‍നെറ്റിന്റെ ഭാവി കൂടുതല്‍ ശോഭനമാണെന്നാണ്‌ സര്‍വെയില്‍ കണ്ടെത്തിയ പുതിയ കാര്യം. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ടെലിവിഷനും പത്രത്തിനുമായി നേരം ചെലവഴിയ്‌ക്കുന്നതിനിനേക്കാള്‍ കൂടുതല്‍ നേരം ഇന്റര്‍നെറ്റില്‍ ചിലവഴിയ്ക്കുന്നുണ്ട്‌.

ആഗോള തലത്തിലേതു പോലെ ഗൂഗിള്‍ തന്നെയാണ്‌ ഇന്ത്യന്‍ നെറ്റിസണ്‍സിന്റെയും കണ്‍കണ്ട ദൈവം. 36.6 ശതമാനം പേര്‍ ഗൂഗിളിള്‍ ഉപയോഗിക്കുമ്പോള്‍ 31.5 ശതമാനം ഉപയോക്താക്കളുമായി യാഹൂ തൊട്ടു പിന്നിലുണ്ട്‌. അതെ സമയം ഇന്ത്യന്‍ ഇമെയില്‍ രംഗത്ത്‌ യാഹൂവിന്റെ ആധിപത്യമാണ്‌ നില നില്‌ക്കുന്നതെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ നാല്‌പത്‌ നഗരങ്ങളിലെ 12,500 വീടുകളെയും 160 ഗ്രാമങ്ങളിലെ 4,000 വീടുകളെയും പങ്കെടുപ്പിച്ചാണ് ജസ്റ്റ്‌ കണ്‍സള്‍ട്ട്‌ സര്‍വെ സംഘടിപ്പിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്