ദില്ലി പൊലീസിലേയ്‌ക്ക് പെണ്‍പട
ദില്ലി: നഗരത്തില്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ വനിതാ കോണ്‍സ്‌റ്റബിള്‍മാരെ നിയമിക്കാന്‍ സംസ്ഥാന പൊലീസ് നടപടികളാരംഭിച്ചു.
അടുത്ത ആറ് മാസത്തിനുള്ളില്‍ ആയിരത്തിലേറെ വനിതാ കോണ്‍സ്റ്റബിള്‍മാരെ സേനയിലുള്‍പ്പെടുത്തും. നിലവില്‍ നാലായിരത്തില്‍ത്താഴെ സ്‌ത്രീകളാണ് ദില്ലി പൊലീസില്‍ പ്രവര്‍ത്തിക്കുന്നത്.
മൊത്തം 65,000 അംഗങ്ങളുള്ള സംസ്ഥാന പൊലീസില്‍ പത്തുശതമാനമെങ്കിലും സ്‌ത്രീകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.
സ്‌ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ പ്രത്യേക വനിതാ പൊലീസ് വിഭാഗംതന്നെ തുടങ്ങാന്‍ ദില്ലി പൊലീസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിനുമാത്രമുള്ള വനിതാ കോണ്‍സ്‌റ്റബിള്‍മാര്‍ സേനയിലില്ല. ഇക്കാര്യം കൂടി പരിഗണിച്ചാണ് കൂടുതല്‍ സ്‌ത്രീകളെ നിയമിക്കാന്‍ തീരുമാനിച്ചത്.
വനിതാ പ്രശ്‌നപരിഹാരസെല്‍ പ്രവര്‍ത്തിപ്പിക്കുക, ടൂറിസ്റ്റുകളെ സഹായിക്കുക എന്നിവയായിരിക്കും വനിതാ കോണ്‍സ്‌റ്റബിള്‍മാരുടെ പ്രത്യേക ചുമതലകള്‍. 2010ല്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി പൊലീസില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളുടെ ഭാഗമായാണ് വനിതകളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്നത്.
മുമ്പ് സേനയിലെ വനിതകളുടെ എണ്ണം കൂട്ടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല. വളരെ കുറച്ചുപേരെ റിക്രൂട്ട് ചെയ്യാന്‍ മാത്രമേ കഴിഞ്ഞവര്‍ഷങ്ങളില്‍ സാധിച്ചിരുന്നുള്ളു. എന്നാല്‍ ഇത്തവണത്തെ പരിശ്രമങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
സേനയിലെ വനിതകളുടെ എണ്ണം കൂട്ടുന്നതിനൊപ്പംതന്നെ പുരുഷ കോണ്‍സ്‌റ്റബിള്‍മാരെയും കൂടുതലായി നിയമിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications