വിശ്വാസവോട്ടില്‍ ജയിച്ചതിന്‌ എസ്‌പിയുടെ മൃഗബലി

  • Posted By:
Subscribe to Oneindia Malayalam

ഗുവാഹത്തി: വിശ്വാസവോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാര്‍ വിജയിച്ചതിന്‌ നന്ദിസൂചകമായി സമാജ്‌വാദി പാര്‍ട്ടി 246 മൃഗങ്ങളെ ബലിയര്‍പ്പിച്ചു.

അസമിലെ പ്രശസ്‌തമായ കാമാഖ്യ ക്ഷേത്രത്തിലാണ്‌ ബലിസമര്‍പ്പണം നടത്തിയത്‌. മധ്യപ്രദേശില്‍ നിന്നുള്ള എസ്‌പി എംഎല്‍എ കിഷോര്‍ സാമ്രിതാണ്‌ മൃഗങ്ങളെ ബലി നല്‍കിയത്‌.

ഒരുദിവസം 121 ആടുകളെയും രണ്ട്‌ എരുമകളെയും എന്ന കണക്കില്‍ ഇതുവരെ 246 മൃഗങ്ങളെയാണ്‌ ഇദ്ദേഹം ബലിയര്‍പ്പിച്ചത്‌. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്‌ ലഭിച്ച വോട്ടുകള്‍ക്ക്‌ തുല്യമായ അത്രയും എണ്ണം മൃഗങ്ങളെ ബലിയര്‍പ്പിക്കുമെന്ന്‌ കിഷോര്‍ വ്യക്തമാക്കി.

മാത്രമല്ല കാമാഖ്യ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി നടക്കുന്ന ഒരു ആചാരമാണ്‌ മൃഗബലിയെന്നും ഇതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവമറിഞ്ഞ്‌ മൃഗസംരക്ഷണ സംഘടനകളും മൃഗാവകാശ സംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്‌. മൃഗബലി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌. സമാജ്‌ വാദി പാര്‍ട്ടി നേതാക്കളായ അമര്‍സിങിനും മുലായം സിങ്‌ യാദവിനും ഇവര്‍ ഫാക്‌സ്‌ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്‌.

പാര്‍ട്ടിയുടെ പുരോഗതിയ്‌ക്കും കെട്ടുറപ്പിനും വേണ്ടിയാണ്‌ കിഷോര്‍ മൃഗബലിനടത്തുന്നതെന്ന്‌ ക്ഷേത്രത്തിലെ ഒരു പൂജാരി പറഞ്ഞു. ബുധനാഴ്‌ചവരെ ബലികര്‍മ്മങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ക്ഷേത്രം അധികാരികള്‍ പറഞ്ഞു.

ഒരു സ്വതന്ത്ര എംഎല്‍എയ്‌ക്ക്‌ അനുകൂലമായി വോട്ടുചെയ്യാന്‍ കോണ്‍ഗ്രസിന്‌ 25 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌ത സംഭവത്തില്‍ നേരത്തേ ആരോപണവിധേയനായ ആളാണ്‌ കിഷോര്‍.

മധ്യപ്രദേശിലെ ലാന്‍ജി മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇയാളെ ഒരു കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന്‌ കുറച്ചുനാള്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്‌തിരുന്നു. പിന്നീട്‌ മാര്‍ച്ചിലാണ്‌ ഇയാള്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്