മാഞ്ചിയ്‌ക്ക് മടങ്ങാനുള്ള വഴി തെളിയുന്നു
ജയ്‌പൂര്‍: ജനിച്ച് 10 ദിവസം തികയുന്നതിന് മുമ്പ് നിയമക്കുരുക്കിലകപ്പെട്ട മാഞ്ചിയുടെ പ്രതീക്ഷകള്‍ പിച്ച വെയ്‌ക്കന്നു.
ജപ്പാന്‍ ദമ്പതികള്‍ക്ക് ഇന്ത്യക്കാരിയായ വാടക അമ്മയില്‍ ജനിച്ച 16 ദിവസം മാത്രം പ്രായമുള്ള മാഞ്ചിയ്‌ക്ക് അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു.
പിതാവ് ഇക്കുഫുമി യമാദയുടെ പേരാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അച്ഛന്റെ നാട്ടിലേക്ക് പോകാന്‍ ഈ സര്‍ട്ടിഫിക്കറ്റ് സഹായമാകുമെന്ന് മാഞ്ചി ഇപ്പോള്‍ കഴിയുന്ന ആര്യ ആശുപത്രിയുടെ മേധാവി ഡോ. സഞ്‌ജയ് ആര്യ പറഞ്ഞു.
സര്‍ട്ടിഫിക്കറ്റ് മാഞ്ചിയുടെ മുത്തശ്ശി എമിക്കോയുടെ അഭിഭാഷകയ്‌ക്ക് അയച്ചു കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ഇക്കുഫുമിയ ഭാര്യ യൂകിയുമായി പിരിഞ്ഞതാണ് മാഞ്ചിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്. ജനിതക അമ്മയായ യൂകി കുഞ്ഞിന്റെ മാതൃത്വം നിഷേധിയ്‌ക്കുകയും ചെയ്‌തിരുന്നു.
ഭാര്യയില്ലാത്ത ഇക്കുഫുമിയ്‌ക്ക് ഇന്ത്യന്‍ നിയമപ്രകാരം കുഞ്ഞിനെ സ്വന്തം നാട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയും സംജാതമായിരുന്നു.
കഴിഞ്ഞ ജൂലായ് 25ന് ഗുജറാത്തിലെ ആനന്ദ് ആശുപത്രിയിലാണ് മാഞ്ചി പിറന്നത്. മാഞ്ചിയെ കൊണ്ടു പോകാന്‍ ഇക്കുഫുമി ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലെത്തും.
ഇക്കുഫുമിയുടെ സുഹൃത്തും സ്വര്‍ണ വ്യപാരിയുമായ കമല്‍ വിജയവര്‍ജിയയുടെ ഭാര്യയാണ് മാഞ്ചിയ്‌ക്ക് ഇപ്പോള്‍ മുലപ്പാല്‍ നല്‌കുന്നത്. ഇവര്‍ കഴിഞ്ഞയാഴ്‌ച ഒരു കുഞ്ഞിന് ജന്മം നല്‌കിയിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications