ചൈനാ മൊബൈലുകള് വിലക്കിയേക്കും
ദില്ലി: ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ നിരോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിയ്ക്കുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഈ മൊബൈലുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്.
മൊബൈല്‍ ഫോണുകളുടെ തിരിച്ചറിയല്‍ കോഡായ ഐഎംഐഇ നമ്പറുകളില്ലാത്തതാണ് തീവ്രവാദികള്‍ തങ്ങളുടെ ആശയവിനിമയത്തിനായി ഇത്തരം മൊബൈലുകള്‍ തിരഞ്ഞെടുക്കുന്നത്.
രാജ്യത്ത് അടുത്ത് നടന്ന സ്‌ഫോടന പരമ്പരകളിലും ചൈനീസ് മൊബൈലുകളുടെ സാന്നിധ്യം ഇന്റലിജന്റ് ബ്യൂറോ കണ്ടെത്തിയിരുന്നു. അപ്പോള്‍ തന്നെഇത്തരം ഫോണുകള്‍ നിരോധിയ്‌ക്കാന്‍ ഐബിയും ആഭ്യന്തര മന്ത്രാലയവും ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് ശുപാര്‍ശ നല്‌കുകയും ചെയ്‌തിരുന്നു.
ഒരേ ഐഎംഐഇ നമ്പറിലുള്ള ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കുന്നതിനാല്‍ എന്തെങ്കിലും തരത്തിലുള്ള അന്വേഷണം വരുമ്പോള്‍ ഏത് ഫോണാണ് ഉപയോഗിച്ചതെന്ന് കണ്ടെത്താന്‍ അന്വേഷണദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. ഇതാണ് ഇത്തരം ഫോണുകള്‍ നിരോധിയ്‌ക്കാന്‍ ആലോചന നടക്കുന്നത്.
തിരിച്ചറിയല്‍ നമ്പറുകളില്ലാത്ത മൊബൈല്‍ ഫോണുകള്‍ക്ക് കണക്ഷന്‍ നല്‌കരുതെന്ന് മൊബൈല്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‌കിക്കഴിഞ്ഞുവെന്ന് തന്നെയാണ് സൂചനകള്‍.












Click it and Unblock the Notifications