എം മുകുന്ദന്‍ രാജിതീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു
തൃശൂര്‍: സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാനുള്ള തീരുമാനത്തില്‍ എം മുകുന്ദന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് സൂചന. അടുത്ത ദിവസം നടക്കുന്ന അക്കാദമി നിര്‍വാഹക സമിതിയോഗത്തില്‍ മുകുന്ദന്‍ പങ്കെടുക്കില്ലെന്നും സൂചനയുണ്ട്.
അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അടുത്തയാഴ്‌ച നടക്കുന്ന വനിതാ എഴുത്തുകാരുടെ ക്യാമ്പിലെ പ്രഭാഷകരുടെ പേരില്‍ നിന്നും തന്റെ പേര് നീക്കം ചെയ്യണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടതായി അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. വി.എസിനെതിരെ വിവാദപരാമര്‍ശങ്ങള്‍ നടത്തിയതും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും മാത്രമല്ല മുകുന്ദന്റെ രാജിതീരുമാനത്തിന് പിന്നിലെന്നാണ് അറിയുന്നത്.
താന്‍ പ്രതീക്ഷിക്കുന്ന രീതിയിലൊരു പ്രവര്‍ത്തനം അക്കാദമിയില്‍ ഉണ്ടാകുന്നില്ലെന്ന് അടുത്ത സഹപ്രവര്‍ത്തകരോട് മുകുന്ദന്‍ പറഞ്ഞിട്ടുണ്ടത്രേ. പുതിയ സാഹചര്യത്തില്‍ പ്രശസ്‌ത സാഹിത്യകാരി പി വത്സല അക്കാദമിയുടെ പ്രസിഡന്റായേയ്‌ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അക്കാദമിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച നടന്ന അപ്പന്‍ തമ്പുരാന്‍ സ്‌മാരക പരിപാടിയില്‍ പ്രസിഡന്റും സെക്രട്ടറിയും പങ്കെടുക്കാതിരുന്നതും വിവാദമായിട്ടുണ്ട്. പുരോഗമനസാഹിത്യ സംഘത്തിന്റെ ജാഥയില്‍ ആയിരുന്നതുകൊണ്ടാണത്രേ സെക്രട്ടറി പങ്കെടുക്കാതിരുന്നത്.
വി.എസിനെതിരെ മുകുന്ദന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ജീവനക്കാര്‍ക്കും നിര്‍വ്വാഹക സമിതി അംഗങ്ങള്‍ക്കും അമര്‍ഷമുണ്ട്. മുകുന്ദനെതിരെ പത്രസമ്മേളനം നടത്താന്‍ മുതിര്‍ന്ന എഴുത്തുകാരനായ ഒരംഗം തയ്യാറായപ്പോള്‍ സഹപ്രവര്‍ത്തകര്‍ തടയുകയായിരുന്നു.












Click it and Unblock the Notifications