രാജിയ്ക്ക് തയ്യാറാണെന്ന് മുകുന്ദന്‍; പാടില്ലെന്ന് സര്‍ക്കാര്‍
കണ്ണൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവയ്‌ക്കുന്നതായി അറിയിച്ചുകൊണ്ട് എം മുകുന്ദന്‍ സാംസ്‌കാരിക മന്ത്രി എംഎ ബേബിയ്‌ക്ക് സന്ദേശമയച്ചു. എന്നാല്‍ രാജി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
'സമയമായി, ഞാന്‍ യാത്രപറയുകയാണ്. ഇത് എന്റെ രാജിക്കത്തായി സ്വീകരിക്കാന്‍ അപേക്ഷ, സ്‌നേഹത്തോടെ മുകുന്ദന്‍' എന്നായിരുന്നു സന്ദേശം. വെള്ളിയാഴ്‌ച വൈകീട്ട് നാലുമണിയോടെയാണ് മുകുന്ദന്‍ ബേബിയുടെ മൊബൈല്‍ ഫോണിലേയ്‌ക്ക് ഈ സന്ദേശം അയച്ചത്.
എന്നാല്‍ ഒരു കാരണവശാലം സ്ഥാനം രാജിവയ്‌ക്കരുതെന്നും കാലാവധി പൂര്‍ത്തിയാക്കണമെന്നും ബേബി മുകുന്ദനോട് അഭ്യര്‍ത്ഥിച്ചു. വി.എസിനും പിണറായിയ്‌ക്കും ഇതേ അഭിപ്രായമാണെന്നും മന്ത്രി വ്യക്തമാക്കി.
അക്കാദമി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു രണ്ടുമാസം കഴിഞ്ഞപ്പോള്‍ത്തന്നെ രാജിവയ്‌ക്കാന്‍ ആലോചിച്ചിരുന്നതാണെന്ന് മുകുന്ദന്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വസിച്ച് ഏല്‍പ്പിച്ച സ്ഥാനമായതുകൊണ്ടാണ് ഇട്ടെറിഞ്ഞു പോകാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പച്ചക്കുതിര മാസികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ വിഎസ് പഴഞ്ചനാണെന്നും പുണ്യവാളനാണെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടത് ഏറെ ഒച്ചപ്പാടുകളുണ്ടാക്കിയിരുന്നു. സംഭവം വിവാദമായപ്പോള്‍ താന്‍ നല്‍കിയ അഭിമുഖം വളച്ചൊടിയ്‌ക്കുകയായിരുന്നുവെന്നും തന്റെ വാക്കുകളല്ല അഭിമുഖത്തില്‍ ഉപയോഗിച്ചതെന്നും മുകുന്ദന്‍ വ്യക്തമാക്കിയിരുന്നു.
വിഎസിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായപ്രകടനത്തെത്തുടര്‍ന്ന് പല പ്രമുഖരും മുകുന്ദന്‍ ചെയ്‌തത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുകയും വിഎസ് അനുകൂലികളില്‍ ചിലര്‍ മുകുന്ദന്റെ കോലം കത്തിയ്‌ക്കുകയും ചെയ്‌തിരുന്നു. എണ്‍പത്തിയഞ്ച് വയസ്സുള്ള താന്‍ പഴഞ്ചന്‍ തന്നെയാണെന്നായിരുന്നു മുകുന്ദന് വി.എസ് നല്‍കിയ മറുപടി. തന്നെയും വിഎസിനെയും മുകുന്ദന്‍ താരതമ്യം ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications