കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപദേശകര്‍ക്ക് വിവരമില്ലെങ്കില്‍...............

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടിലെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ അഴിച്ചു പണിക്ക് സാധ്യത.

ഉപദേശക വൃന്ദത്തിന്റെ കഴിവുകേടാണ് മുഖ്യമന്ത്രിയെ വിവാദത്തില്‍ കൊണ്ടു ചാടിച്ചതെന്ന് സിപിഎമ്മില്‍ അഭിപ്രായം ബലപ്പെടുകയാണ്. മുഖ്യമന്ത്രിയുണ്ടാക്കിയ വിവാദത്തില്‍ ലോകമെങ്ങുമുളള മലയാളികളുടെ തല കുനിഞ്ഞു പോയ സംഭവങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. തങ്ങള്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടും ഖേദം പ്രകടിപ്പിക്കാതെ ധാര്‍ഷ്ട്യത്തിന്റെ ഭാഷ സംസാരിച്ച മുഖ്യമന്ത്രി സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തിനും തലവേദനയായിരിക്കുകയാണ്.

വിഎസിന്റെ പ്രൈവറ്റ് സെക്രട്ടറി രാജേന്ദ്രന്‍, പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ എന്നിവരുടെ പിടിപ്പുകേടാണ് ഈ സംഭവങ്ങള്‍ക്കൊക്കെ വഴി വെച്ചത്.

മേജര്‍ സന്ദീപിന്റെ രക്തസാക്ഷിത്വത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വകയായി ഒരു അനുശോചനക്കുറിപ്പിറക്കാന്‍ 24 മണിക്കൂറുകളാണ് എടുത്തത്. പ്രശ്നത്തിന്റെ രാഷ്ട്രീയ ഗൗരവം മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പരാജയപ്പെട്ടു. ചീഫ് സെക്രട്ടറിയടക്കമുളള ഭരണകര്‍ത്താക്കളും പ്രശ്നത്തെ അതീവ ലാഘവത്തോടെയാണ് സമീപിച്ചത്. വിവാദം കെട്ടടങ്ങിയെങ്കിലും ഈ സംഭവം സംസ്ഥാന സര്‍ക്കാരിന് ഏല്‍പ്പിച്ച ആഘാതവും നാണക്കേടും വരും ദിവസങ്ങളിലും നീറിപ്പുകയുക തന്നെ ചെയ്യും.

പിആര്‍ഡി തയ്യാറാക്കിയ അനുശോചനക്കുറിപ്പ് ദില്ലിയിലുളള മുഖ്യമന്ത്രിയെ കാണിച്ച് അംഗീകരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഗതികെട്ട ഭരണസംവിധാനത്തിന്റെ ഉദാഹരണമായി സെക്രട്ടേറിയറ്റിന്റെ ചരിത്രത്തില്‍ ഇടം പിടിക്കും. ദില്ലിയില്‍ പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടെ വാക്കാലുളള അനുമതി കിട്ടിയ ശേഷമേ അനുശോചനക്കുറിപ്പ് പ്രസിദ്ധീകരിക്കൂ എന്ന് ശാഠ്യം പിടിച്ച ഉദ്യോഗസ്ഥ സംഘം സാധാരണക്കാരില്‍ കൊടിയ അവജ്ഞയാണ് ഉണ്ടാക്കുന്നത്.

പ്രൈവറ്റ് സെക്രട്ടറിയുടെ ധാര്‍ഷ്ട്യം കാരണമാണ് അനുശോചനക്കുറിപ്പിന്റെ കാര്യം മുഖ്യമന്ത്രി അറിയാന്‍ വൈകിയത് എന്നും ആരോപണമുണ്ട്. പാര്‍ട്ടിയുടെ സുപ്രധാന യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയോട് സംസാരിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി കടുംപിടിത്തം പിടിച്ചുവത്രേ.

പ്രൈവറ്റ് സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം മൂലമാണത്രേ, വിഎസിന്റെ വിശദീകരണമില്ലാതെ പട്ടി പരാമര്‍ശം ചാനലുകള്‍ ആഘോഷിക്കാന്‍ കാരണമായത്. വാര്‍ത്ത നല്‍കുമ്പോള്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിനായി ചാനലുകള്‍ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു.

എന്നാല്‍ പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി അദ്ദേഹത്തിന്റെ വിശദീകരണം കൂടി നല്‍കാനുളള അവസരം പ്രൈവറ്റ് സെക്രട്ടറി നിഷേധിച്ചു. വിഎസിന്റെ വിശദീകരണമില്ലാതെ തങ്ങള്‍ക്ക് വാര്‍ത്ത നല്‍കേണ്ടി വരുമെന്ന് ചാനലുകള്‍ വ്യക്തമാക്കിയപ്പോള്‍, അങ്ങനെ ചെയ്യുന്നതില്‍ വിരോധമില്ലെന്നായിരുന്നുവത്രേ മറുപടി.

വിവാദങ്ങളുടെ പുകയും ചാരവും നീക്കി നോക്കിയാല്‍ ചെയ്യേണ്ട പല കാര്യങ്ങളും സമയത്ത് ചെയ്തില്ലെന്ന് കാണാം. സംസ്ഥാനത്തിന്റെ ഒരു പ്രതിനിധിയെ ബാംഗ്ലൂരിലേയ്ക്ക് അയയ്ക്കാമായിരുന്നു. പ്രതിപക്ഷം ഇടപെടുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ അനുശോചനം പ്രകടിപ്പിക്കാമായിരുന്നു. സന്ദീപിന്റെ വീട്ടിലുണ്ടായ അസുഖകരമായ അനുഭവത്തെക്കുറിച്ച് പ്രതികരിച്ച് അതൊരു വിവാദമാക്കേണ്ടെന്നും തീരുമാനിക്കാമായിരുന്നു.

സിപിഎമ്മിന്റെ ഏറ്റവും ഉന്നത സമിതിയിലുളള രണ്ടു നേതാക്കളാണ് ബാംഗ്ലൂരിലെത്തിയത്. ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അവര്‍ തമ്മില്‍ പോലും വേണ്ടത്ര ആശയവിനിമയങ്ങളോ ചര്‍ച്ചയോ നടക്കുന്നില്ലെന്നാണ് ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതൊക്കെ ഒരു സര്‍ക്കാരിനും അതിനെ നയിക്കുന്നവര്‍ക്കും ഭൂഷണമാണോ എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ ആലോചിക്കുമോ ആവോ?

ആരു പറഞ്ഞാലും താന്‍ കേള്‍ക്കില്ലെന്നും ആരുടെയും ഉപദേശം തനിക്കു വേണ്ടെന്നുമുളള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തന്നെയാണ് ഈ സംഭവത്തിലും വെളിപ്പെട്ടത്. സിപിഎം അഖിലേന്ത്യാ സെക്രട്ടറിയുടെ പ്രഖ്യാപനം പോലും തനിക്ക് തോന്നിയ തരത്തില്‍ പരസ്യമായി തിരുത്താന്‍ തയ്യാറായതു തന്നെ വിഎസിന്റെ മനോഭാവം ഏത് തരത്തിലുളളതാണെന്ന് വെളിപ്പെടുത്തുന്നുണ്ട്.

അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവിന്റെ സ്വാഭാവിക പ്രതികരണമെന്ന ന്യായവുമായി അദ്ദേഹത്തിന്റെ ആരാധകര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സ്വാഭാവികമായി പ്രതികരിക്കുന്ന ഒരു മുഖ്യമന്ത്രി അഭിമാനബോധമുളള കേരളീയര്‍ക്ക് കൊടിയ അപമാനമാണ്. സ്വാഭാവികമായി പ്രതികരിക്കുന്ന മുഖ്യമന്ത്രിയെക്കാള്‍ മാന്യമായി പ്രതികരിക്കുന്ന മുഖ്യമന്ത്രിയെയാണ് ജനത കൊതിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X