ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി
ദില്ലി: അതിര്‍ത്തികളില്‍ സൈനിക വിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും സൈനിക നടപടിയ്‌ക്ക് സജ്ജമാവുകയും ചെയ്യുന്നതിനിടെ ഇന്ത്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് പ്രധാമന്ത്രി മന്‍മോഹന്‍ സിങ് വ്യക്തമാക്കി.
ആവശ്യപ്പെട്ട ഭീകരരെ കൈമാറണമെന്നും യുദ്ധഭീതി സൃഷ്ടിക്കരുതെന്നും അദ്ദേഹം പാകിസ്‌താനോട് ആവശ്യപ്പെട്ടു. ഇതേസമയം ഇന്ത്യ അപ്രതീക്ഷിതമായി എന്ത് സൈനിക നടപടികള്‍ സ്വീകരിച്ചാലും നിമിഷങ്ങള്‍ക്കുള്ളില്‍ അതിനെ നേരിടാന്‍ പാക് സൈന്യം സര്‍വ്വസജ്ജമാണെന്ന് പാകിസ്‌താന്‍ ആര്‍മി ചീഫ് അസ്‌ഫാക് പര്‍വേസ് കിയാനി രാഷ്ട്രീയ നേതൃത്വത്തിന് ഉറപ്പ് നല്‍കി.
മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കര്‍ശനമായി നേരിടണമെന്നും പാകിസ്‌താന്‍ യുദ്ധത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ പ്രണബ് മുഖര്‍ജി ആരോപിച്ചു. ചൊവ്വാഴ്‌ച പാര്‍ലമെന്റ് പിരിഞ്ഞശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും.
വിഷയം യുദ്ധവുമായി ബന്ധപ്പെട്ടതല്ല. മറിച്ച് ഭീകരാക്രമണത്തിന്റേതാണ്. പാകിസ്‌താന്റെ പ്രദേശങ്ങള്‍ ഭീകരപ്രവര്‍ത്തനത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഭീകരരെ സൃഷ്ടിക്കുന്ന അടിസ്ഥാന സംവിധാനം തകര്‍ക്കാനുള്ള ഫലപ്രദമായ നീക്കം പാകിസ്‌താന്റെ ഭാഗത്തുനിന്നും ഉണ്ടാകണം- മന്‍മോഹന്‍ പറഞ്ഞു.
പാകിസ്‌താന്‍ അനാവശ്യമായി യുദ്ധത്തിന്റെ പരിഭ്രാന്തി ഉണ്ടാക്കുകയാണ്. ആര്‍ക്കും യുദ്ധം വേണ്ട. എന്നാല്‍ മുംബൈയില്‍ വളരെ ക്രൂരമായ ഭീകരാക്രമണം നടന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാകിസ്‌താന്റെ മണ്ണ് ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണത്തിന് ഉപയോഗിക്കില്ലെന്ന് ആ രാജ്യം പലതവണ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്- മുഖര്‍ജി ആരോപിച്ചു.
മുംബൈ ആക്രമണത്തിന് ശേഷം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തില്‍ യുദ്ധമുണ്ടായാല്‍ അതിനേ നേരിടാന്‍ പാക് സൈന്യം തയ്യാറാണെന്ന് കിയാനി പ്രസിഡന്റ് ആസിഫലി സര്‍ദാറിയെ ധരിപ്പിച്ചെന്ന് പാക് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഇതിനിടെ ഇന്ത്യ-പാക് യുദ്ധമുണ്ടായാല്‍ പാകിസ്‌താനെ സഹായിക്കാന്‍ നൂറു കണക്കിന് ചാവേറുകള്‍ ഇറക്കാന്‍ തയ്യാറാണെന്ന് താലിബാന്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications