കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്ത് എസ്പി ടിക്കറ്റില്‍ മത്സരിക്കും

  • By Staff
Google Oneindia Malayalam News

Sanjay Duth
ദില്ലി: ബോളിവുഡ്‌ സൂപ്പര്‍താരം സഞ്‌ജയ്‌ദത്ത്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഖ്‌നൗ മണ്ഡലത്തില്‍നിന്ന്‌ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍സിങ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ്‌ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമര്‍ സിങ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിന്റെ അനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പുറത്തു വിടുന്നതെന്ന് അമര്‍ സിങ് പറഞ്ഞു.

നിയമവിരുദ്ധമായി ആയുധം കൈവശം വെച്ച കേസില്‍ പ്രതിയായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള അനുമതിക്കായി സുപ്രീംകോടതിയെയും തിരഞ്ഞെടുപ്പ്‌ കമ്മീഷനെയും സമീപിക്കുമെന്നും അമര്‍സിങ്‌ വ്യക്തമാക്കി.

മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ്‌ തുടര്‍ച്ചയായി വിജയിച്ചുവരുന്ന സീറ്റാണ്‌ ലഖ്‌നൗ. അടുത്ത തിരഞ്ഞെടുപ്പില്‍ വാജ്‌പേയ്‌ അനാരോഗ്യം കാരണം മത്സരരംഗത്തുണ്ടാവില്ലെന്ന്‌ ബിജെപി വൃത്തങ്ങള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

രാഷ്‌ട്രീയക്കാരനല്ലെങ്കിലും മൂത്ത സഹോദരനെപ്പോലെ കാണുന്ന ആള്‍ എന്ന നിലയില്‍ താങ്കള്‍ പറയുന്നത്‌ അംഗീകരിക്കാം എന്നാണ്‌ ഇതുസംബന്ധിച്ച്‌ സഞ്‌ജയ്‌ദത്ത്‌ പ്രതികരിച്ചതെന്ന്‌ അമര്‍സിങ്‌ പറഞ്ഞു. സഞ്‌ജയ്‌ദത്തിന്റെ സഹോദരി പ്രിയ കോണ്‍ഗ്രസിന്റെ ലോക്സഭാംഗമാണ്‌. കോണ്‍ഗ്രസ് കുടുംബാംഗമായ സഞ്ജയിനെ എസ്പി പിടികൂടിയതു കോണ്‍ഗ്രസില്‍ അന്പരപ്പുണ്ടാക്കിയിട്ടുണ്ട്.

സഞ്‌ജയ്‌ദത്തിനു പുറമേ മറ്റൊരു പ്രശസ്‌തതാരമായ മനോജ്‌ തിവാരി ഗൊരഖ്‌പുര്‍ മണ്ഡലത്തില്‍നിന്ന്‌ എസ്‌പി ടിക്കറ്റില്‍ ജനവിധി തേടും. രാംപുരില്‍നിന്ന്‌ മത്സരിക്കാന്‍ സിനിമാതാരം ജയപ്രദ വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്‌. യുപിയില്‍ 38 സ്ഥാനാര്‍ഥികളുടെ ലിസ്റ്റ്‌ പാര്‍ലമെന്ററി ബോര്‍ഡ്‌ അംഗീകരിച്ചതായി അമര്‍സിങ്‌ പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിങ്‌ യാദവ്‌ മെയ്‌ന്‍പുരി മണ്ഡലത്തിലാണ് മത്സരിക്കുക. മുലായത്തിന്റെ മകന്‍ അഖിലേഷ്‌ യാദവ്‌ കാനൂങ്ങ്‌ മണ്ഡലത്തില്‍നിന്നും ഫിറോസ്‌ബാദ്‌ മണ്ഡലത്തില്‍നിന്നും ഒരേസമയം മത്സരിക്കും.

യു.പി.എ. സര്‍ക്കാറിന്‌ ഇനിയും പിന്തുണ തുടരണോ എന്ന കാര്യം ജനവരി 14ന്‌ തീരുമാനിക്കുമെന്നും അമര്‍സിങ്‌ പറഞ്ഞു. മുംബൈ ആക്രമണത്തെത്തുടര്‍ന്നുണ്ടായ നയതന്ത്ര നീക്കങ്ങളെക്കുറിച്ചൊന്നും പാര്‍ട്ടിയുമായി യുപിഎ നേതൃത്വം ചര്‍ച്ച ചെയ്‌തിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക്‌ അസംതൃപ്‌തിയുണ്ട്‌.

ടെലിവിഷനിലൂടെ മാത്രമാണ്‌ കാര്യങ്ങള്‍ അറിയുന്നതെന്നും പാകിസ്‌താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കണമെന്നാണ്‌ പാര്‍ട്ടിയുടെ നിലപാടെന്നും അമര്‍സിങ്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X