മന്ത്രിപുത്രന്മാര്‍ക്കെതിരെ അന്വേഷണമില്ല: പിണറായി
കോഴിക്കോട്: ടോട്ടല്‍ ഫോര്‍യു തട്ടിപ്പ് കേസില്‍ മന്ത്രിപുത്രന്മാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പ്രശ്‌നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നവകേരള മാര്‍ച്ചിനിടെ വടകരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ കുറച്ചുകാലമായി ഇത്തരം തെറ്റായ നിലപാടുകള്‍ സ്വീകരിച്ചുവരുന്നുണ്ട്. മന്ത്രി പുത്രന്മാര്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണ്.
മന്ത്രിയുടെ മക്കളായതുകൊണ്ട് അവരെക്കൊണ്ട് എന്തും വിളിച്ച് പറയാമെന്നാണോ. ആളുകള്‍ കള്ളക്കഥകള്‍ ഉണ്ടാക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കേണ്ടകാര്യമില്ല, പാര്‍ട്ടി അതിനുവേണ്ടിയല്ല നില്‍ക്കുന്നത്- അദ്ദേഹം വ്യക്തമാക്കി.
മഞ്ചേശ്വരം എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിന്റെ മകളെ തട്ടിക്കൊണ്ടുപോയ ശ്രീരാമസേനയുടെ നടപടി തെമ്മാടിത്തരമാണെന്ന് പിണറായി പറഞ്ഞു. ഹിന്ദുവിനും മുസ്ലീമിനും തമ്മില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന അവസ്ഥ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് പിണറായി ചോദിച്ചു.
ലാവലിന്‍ പ്രശ്‌നത്തില്‍ മുന്‍ പിബി അംഗം ഇ ബാലാനന്ദന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നും അത് പുറത്തുവന്നകാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ ലാവലിന്‍ കേസിനെക്കുറിച്ച് പ്രതികരിക്കില്ലെന്ന് ആവര്‍ത്തിയ്‌ക്കുകയും ചെയ്‌തു.












Click it and Unblock the Notifications