സീറ്റുകള്‍ വിട്ടുകൊടുക്കില്ലെന്ന് ഘടകകക്ഷികള്‍
ദില്ലി: എല്‍ഡിഎഫിലെ ലോക്‌സഭാ സീറ്റ് ചര്‍ച്ചകള്‍ തര്‍ക്കത്തിലെക്കാണ് നീങ്ങുന്നു. തങ്ങളുടെ സീറ്റുകള്‍ വിട്ടു കൊടുക്കില്ലെന്ന് ഘടകകക്ഷികള്‍ വ്യക്തമാക്കിയതോടെയാണ് തര്‍ക്കം മുറുകന്നതിന്റെ സൂചനകള്‍ പുറത്തുവന്നിരിയ്‌ക്കുന്നത്.
പൊന്നാനിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍ വ്യക്തമാക്കി. കേരളത്തില്‍ നാലു സീറ്റുകളില്‍ സിപിഐ മത്സരിക്കുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ല. കേരളത്തില്‍ സി പി ഐ മുമ്പു മത്സരിച്ച നാലു സീറ്റുകളിലും ഇപ്രാവശ്യവും സി പി ഐ മത്സരിക്കുമെന്ന് ബര്‍ദന്‍ വ്യക്തമാക്കി.
വ്യാഴാഴ്ച ആരംഭിച്ച സിപിഎം സെക്രട്ടേറിയറ്റില്‍ പൊന്നാനി സീറ്റ് സിപിഐയില്‍ നിന്നും പിടിച്ചെടുത്ത് പൊതുസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിയ്ക്കണമെന്ന ചര്‍ച്ച പുരോഗമിയ്ക്കുന്നതിനിടെയാണ് ബര്‍ദന്‍ സിപിഐയുടെ നിലപാട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
തൃശൂര്‍, തിരുവനന്തപുരം, മാവേലിക്കര, പൊന്നാനി, മാവേലിക്കര എന്നീ സീറ്റുകളില്‍ മത്സരിയ്ക്കാനാണ് സിപിഐ ആലോചിയ്ക്കുന്നത്. പൊന്നാനിയില്‍ പൊതു സമ്മതനായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടി വന്നല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിയ്ക്കാമെന്നാണ് സിപിഐ നിലപാട്. സിപിഐക്ക് ദേശീയ പാര്‍ട്ടി സ്ഥാനം നിലനിര്‍ത്തുന്നത് കടുത്ത വെല്ലുവിളിയാണ്. വോട്ടിംഗ് ശതമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ തവണ സിപിഐ ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നിലനിര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ കോഴിക്കോട് മണ്ഡലം പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ജനതാദള്‍ രംഗത്തെത്തി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ കോഴിക്കോട് തന്നെ മത്സരിക്കുമെന്ന് ജനതാദള്‍ (എസ്) നേതാവ് എംപി വീരേന്ദ്രകുമാര്‍ പറഞ്ഞു. സീറ്റു കൈമാറാനോ മറ്റു മണ്ഡലങ്ങളില്‍ മത്സരിക്കാനോ ഇല്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.
കേരളത്തില്‍ ജനതാദള്‍ തുടര്‍ച്ചയായി മത്സരിച്ചു വരുന്ന മണ്ഡലമാണ് കോഴിക്കോട്. ഇത്തവണയും ഇവിടെ നിന്നു തന്നെ മത്സരിക്കും. കോഴിക്കോടിന് പകരം വയനാട് നല്‍കാമെന്നുള്ള സിപിഎം നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് ജനതാദള്‍ നേതാക്കള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.
ലോക്സഭ സീറ്റ് വിഭജനം സംബന്ധിച്ച നിര്‍ണായക എല്‍ഡിഎഫ് യോഗം ശനിയാഴ്ച ചേരാനിരിയ്ക്കെയാണ് ഘടകകക്ഷികള്‍ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.












Click it and Unblock the Notifications