കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ മൂന്ന്‌ പേര്‍ക്ക്‌ പന്നിപ്പനി

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച പന്നിപ്പനി (എച്ച്‌1എന്‍1) കേരളത്തിലും മൂന്ന്‌ പേര്‍ക്ക്‌ ബാധിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്ന്‌ കൊച്ചിയിലെത്തിയ അമ്മയ്‌ക്കും മകനും അബുദാബിയില്‍ നിന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശിനിയ്‌ക്കുമാണ്‌ പന്നിപ്പനിയുണ്ടെന്ന്‌ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥിരീകരിച്ചത്‌.

ബ്രിട്ടനില്‍ നിന്നെത്തിയ എറണാകുളം സ്വദേശിനിയായ മേരി(53), മകന്‍ ടോണി(24) എന്നിവര്‍ക്കും മലപ്പുറം മഞ്ചേരി സ്വദേശിനി റുഖിയ(34)യ്‌ക്കുമാണ്‌ എച്ച്‌ വണ്‍ എന്‍ വണ്‍ വൈറസ്‌ ബാധയുണ്ടെന്ന്‌ കണ്ടെത്തിയത്‌. ഹൗസ്‌ സര്‍ജ്ജനായ ടോണിയും അമ്മ മേരിയും പെരുമ്പാവൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ മൂന്ന്‌ ദിവസമായി നിരീക്ഷണത്തിലായിരുന്നു റുഖിയ. ഇവരുടെ തൊണ്ടയിലെ സ്രവങ്ങള്‍ വിദഗ്‌ധ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയതിന്‌ ശേഷമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ദില്ലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്യൂണിക്കബിള്‍ ഡിസീസസിലാണ്‌ വിദഗ്‌ധ പരിശോധന നടത്തിയത്‌.

ചികിത്സയിലുള്ള എല്ലാവരെയും പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ചികിത്സയ്‌ക്കുശേഷമേ ഇവരെ പുറത്തുവിടുകയുള്ളൂ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ മുന്‍പും പന്നിപ്പനിയെന്ന സംശയത്തില്‍ ഏതാനും പേര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. പിന്നീട്‌ ഇവര്‍ക്ക്‌ രോഗബാധയില്ലെന്ന്‌ സ്ഥിരീകരിയ്‌ക്കുകയായിരുന്നു. ജലദോഷപ്പനിയ്‌ക്ക്‌ സമാനമായ ലക്ഷണങ്ങളാണ്‌ പന്നിപ്പനി ബാധിതരിലും കാണപ്പെടുന്നത്‌.

കേരളത്തിലെ മൂന്ന്‌ പേരുള്‍പ്പെടെ രാജ്യത്ത്‌ ആറു പേര്‍ക്കുകൂടി പന്നിപ്പനി സ്‌ഥിരീകരിച്ചതോടെ പനി ബാധിതരുടെ എണ്ണം 97 ആയെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ നാലുപേര്‍ കുട്ടികളാണ്‌. ചികില്‍സയിലൂടെ രോഗം ശമിച്ച 61 പേരെ വിട്ടയച്ചു. നൂറിലേറെ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച പന്നിപ്പനിമൂലം 345 പേര്‍ മരിച്ചതായാണ്‌ ലോകാരോഗ്യ സംഘടനയുടെ ഒടുവിലത്തെ കണക്ക്‌. മഹാമാരി പിടിപെട്ടത്‌ 71,000 ത്തിലധികം പേര്‍ക്കാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X