ബോട്ട് വാങ്ങിയതില്‍ പങ്കില്ല: ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: തേക്കടി ബോട്ട് ദുരന്തത്തില്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്ന് കെടിഡിസി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ്.
ബോട്ടപകടം നടന്നപ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത ചെറിയാന്‍ ഫിലിപ്പ് ബോട്ട് പണിതത് ടൂറിസം വകുപ്പായതിനാല്‍ തനിക്ക് ഉത്തരവാദിത്വമില്ലെന്നാണ് മ്യൂസിയം പോലീസിന് മൊഴി നല്‍കിയത്.
അപകടത്തില്‍പ്പെട്ട ബോട്ടിന് സര്‍ക്കാര്‍ ഉത്തരവുപ്രകാരം ടെന്‍ഡറും നിര്‍മ്മാണകരാറും നല്‍കിയതും പണം മുടക്കിയതും ടൂറിസം വകുപ്പാണ്. കെടിഡിസിക്കുവേണ്ടി 50 ലക്ഷം രൂപയില്‍ അധികമുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിവേണം. എന്നാല്‍ 'ജലകന്യക' കെടിഡിസി ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം നേരിട്ടുവാങ്ങിയതല്ല- അദ്ദേഹത്തിന്റെ മൊഴിയില്‍ പറയുന്നു.
ഇല്ല. ബോട്ട് വാങ്ങുന്നത് സംബന്ധിച്ച് ഒരു തീരുമാനവും കെടിഡിസി ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനയില്‍ പെട്ടിട്ടില്ല. അതുകൊണ്ട് എനിക്ക് ഇതില്‍ ഉത്തരവാദിത്വമില്ല.
ബോട്ടപകടവുമായി ബന്ധപ്പെട്ട വീഴ്‌ചകള്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമല്ലെന്നും ചെറിയാന്‍ ഫിലിപ്പ് മൊഴി നല്‍കി.
ഇതേസമയം ബോട്ടപകടത്തിന് കാരണക്കാരനായ ചെറിയാന്‍ ഫിലിപ്പിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ജനതാദള്‍ ആവശ്യപ്പെട്ടു. കെടിഡിസി ചെയര്‍മാന്‍ രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ട് യുവജനതാദള്‍ കെറ്റിഡിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ചാരുപാറ രവിയാണ് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തത്.
നാല്‍പത്തഞ്ചുപേരുടെ മരണത്തിനിടിയാക്കിയ അപകടത്തിന് ഉത്തരവാദിയായ ചെറിയാന്‍ ഫിലിപ്പ് അധികാരക്കൊതിയിലും ആഡംബരത്തിലും ഭ്രമിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ടെക്‌നിക്കല്‍ കമ്മിറ്റി റിപ്പോര്‍ട്ടോ കനാല്‍ ലൈസന്‍സോ ഇല്ലാതെ ബോട്ട് സര്‍വീസ് തുടങ്ങിയതിന് ചെറിയാന്‍ ഫിലിപ്പും ഡയറക്ടര്‍ കെ.ജി.മോഹന്‍ലാലും ഉത്തരവാദികളാണ്. നാല്‍പത്തഞ്ച് വിനോദസഞ്ചാരികളെ കുരുതികൊടുത്തിട്ടും അധികാരത്തില്‍ തുടരുന്ന ചെറിയാന്‍ഫിലിപ്പ് മുമ്പ് കാണിച്ചിരുന്ന ആദര്‍ശപരിവേഷം വ്യാജമായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications