കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിയ്ക്കാന്‍ ഗിറ്റാറും സംഗീതവുമായി എംപി

  • By Lakshmi
Google Oneindia Malayalam News

Kabeer Suman
ദില്ലി: രാജ്യത്ത് അനുദിനം വര്‍ധിച്ചുവരുന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ തലവേദന അനുഭവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. മാവോവാദികള്‍ നടത്തുന്ന ആക്രമണങ്ങള്‍ മാത്രമല്ല ഇവരെ അമര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന പ്രതിഷേധങ്ങളുമുണ്ട് ഈ തലവേദനയുടെ കാരണങ്ങളില്‍.

പലരും പലരീതിയിലാണ് നക്‌സല്‍ പ്രശ്‌നങ്ങളില്‍ പ്രതിഷേധിയ്ക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത്. എന്നാല്‍ പ്രതിഷേധത്തിന്റെ വഴിയില്‍ തീര്‍ത്തും വ്യത്യസ്തനാവുകയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി കബീര്‍ സുമന്‍.

പട്ടിണികിടന്നും ബലംപ്രയോഗിച്ചുമുള്ള പ്രതിഷേധമുറകള്‍ക്ക് പകരം സംഗീതത്തിന്റെ വഴിയാണ് സുമന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും ഏറെക്കണ്ട പാര്‍ലമെന്റ് ഈ പുതിയ പ്രതിഷേധമുറയ്ക്കുകൂടി വേദിയാവുകയാണ്.

പാര്‍ലമെന്റ് പരിസരത്ത് ഗിറ്റാര്‍ വായിച്ച് ഗാനമാലപിച്ച് പ്രതിഷേധിക്കാനാണ് സുമന്റെ തീരുമാനം.

നക്‌സലുകള്‍ക്കെതിരേ ആഞ്ഞടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഭരണസഖ്യത്തിലെ എം.പി. തന്നെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.

നിയമവിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമ(യു.എ.പി.എ.)ത്തിനെ എതിര്‍ക്കുന്ന താന്‍ നക്‌സലുകളുടെ അതിക്രമങ്ങളെയും എതിര്‍ക്കുമെന്നാണ് സുമന്‍ പറയുന്നത്. നക്‌സലുകള്‍ക്കെതിരേ തൃണമൂല്‍ നേതൃത്വവും കേന്ദ്ര സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാടിനെ പരസ്യമായി എതിര്‍ത്താണ് സുമന്‍ മാധ്യമശ്രദ്ധയിലേക്ക് ഉയര്‍ന്നത്.

പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ മമതാ ബാനര്‍ജി ഉള്‍പ്പടെയുള്ളവരെ തന്റെ പ്രതിഷേധപ്രകടനത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിവസം 'പ്രതിഷേധഗീതം' ആലപിക്കാനായിരുന്നു തീരുമാനമെങ്കിലും തൃണമൂല്‍ നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ച് പരിപാടി തല്‍ക്കാലത്തേക്ക് മാറ്റി.

ഇനി എന്തായാലും മാര്‍ച്ച് ആറിനു മുമ്പ് തന്റെ പ്രതിഷേധപരിപാടി നടപ്പാക്കാനാണ് സുമന്റെ നീക്കം. പാര്‍ട്ടിയെയും യുപിഎ. സര്‍ക്കാരിനെയും അനുകൂലിക്കുന്ന താന്‍ മമതയുടെ തീരുമാനങ്ങളെ അംഗീകരിക്കുമെന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും യുഎപിഎ പോലുള്ള നിയമങ്ങളെ എതിര്‍ക്കേണ്ടതാണെന്നും സുമന്‍ പറയുന്നു.

മാവോവാദികള്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ്. വെടിനിര്‍ത്തല്‍ അംഗീകരിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകണം. ചവിട്ടിമെതിക്കപ്പെട്ടവര്‍ക്കൊപ്പമാണ് താന്‍. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ആവശ്യമായ പിന്തുണ ലഭിക്കുന്നില്ല-അദ്ദേഹം പരാതിപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X