സിപിഐയ്ക്ക് 1.40കോടിയുടെ നിക്ഷേപം

പുതുതലമുറബാങ്കുകള്‍ക്കും കഴുത്തറപ്പന്‍ പലിശ ഈടാക്കുന്ന സ്വകാര്യ ധനമിടപാടു സ്ഥാപനങ്ങള്‍ക്കുമെതിരെ സമരം നയിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സിപിഐയ്ക്ക് എച്ച്ഡിഎഫ്‌സി ബാങ്കിലാണ് വന്‍തുകയുടെ നിക്ഷേപമുള്ളത്.
സിപിഐ സമര്‍പ്പിച്ച ആദായനികുതി റിട്ടേണിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള കണക്കുകള്‍ കാണിച്ചിരിക്കുന്നത്. മൂന്ന് കോടി 25ലക്ഷം രൂപയാണ് സിപിഐ ദേശീയ കൗണ്‍സിലിന്റെ സ്ഥിരനിക്ഷേപം.
ഇതില്‍ 1.40 കോടി രൂപ ദില്ലിയിലെ സിപിഐ ആസ്ഥാനമന്ദിരമായ അജോയ്ഭവന്റെ പേരിലാണ് എച്ച്ഡിഎഫ്‌സിയില്‍ നിക്ഷേപിച്ചിരിക്കുന്നത്. വിവരാവകാശനിയമ പ്രകാരമാണ് ഈ രേഖകള്‍ പുറത്തുവന്നത്.
2007 ജൂണ്‍ 18 ന് ഒമ്പതുശതമാനം പലിശ നിരക്കില്‍ ഏഴു വര്‍ഷത്തേക്ക് 20 ലക്ഷം, ഏഴര ശതമാനം പലിശയ്ക്ക് 20 ലക്ഷം, 2006 ജൂണ്‍ 28 ന് എട്ട് ശതമാനം പലിശയ്ക്ക് 30 ലക്ഷം, 2006 ഏപ്രില്‍ 28 ന് 7.5 ശതമാനം പലിശയ്ക്ക് 25 ലക്ഷം, 2006 ഒക്‌ടോബര്‍ 12 ന് 8.25 പലിശ നിരക്കില്‍ ആറു വര്‍ഷത്തേക്ക് ആറു ലക്ഷം, 2007 ഡിസംബര്‍ രണ്ടിന് 9 ശതമാനം പലിശയ്ക്ക് 10 ലക്ഷം, 2007 നവംബര്‍ 30 ന് 9 ശതമാനം നിരക്കില്‍ 13 ലക്ഷം, 2007 നവംബര്‍ 12 ന് 9 ശതമാനം നിരക്കില്‍ 16 ലക്ഷം എന്ന കണക്കിലാണ് എച്ച്ഡിഎഫ്‌സിയില്‍ നിക്ഷേപിച്ചിരിക്കുന്നത്.
സിന്‍ഡിക്കേറ്റ് ബാങ്കില്‍ 80 ലക്ഷം, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 57 ലക്ഷം, കനറാ ബാങ്കില്‍ 46 ലക്ഷം, പിഡബ്ല്യുഎസില്‍ 2 ലക്ഷം എന്നിങ്ങനെയാണ് മറ്റു നിക്ഷേപങ്ങള്‍.
ബാങ്കിങ് രംഗത്തെ സ്വകാര്യവല്‍ക്കണത്തിനും പുതിയ സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്‍കാനുള്ള ബജറ്റ് നിര്‍ദേശത്തിനെതിരെയും ശക്തമായി പ്രതികരിച്ച പാര്‍ട്ടികളിലൊന്നാണ് സി പിഐ അങ്ങനെയുള്ള പാര്‍ട്ടിയാണ് സ്വകാര്യ ബാങ്കില്‍ ഇത്രയും തുക നിക്ഷേപിച്ചിരിക്കുന്നത്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കു ബാങ്കിംഗ് ലൈസന്‍സ് നല്‍കാനുള്ള പൊതുബജറ്റ് നിര്‍ദേശത്തിനെതിരേ സിപിഐ ഉള്‍പ്പെടെയുളള ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്.
പുതുതലമുറ ബാങ്കുകള്‍ക്കെതിരായി ഏറ്റവും ശക്തമായ സമരം നടത്തുന്നതു സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസിയാണ്. നവസ്വകാര്യ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത് ഒഴിവാക്കണമെന്നത് അഞ്ചാം തീയതി നടത്തുന്ന തൊഴിലാളി പണിമുടക്കില്‍ ഉന്നയിക്കാനിരിക്കുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്.












Click it and Unblock the Notifications