വയനാട്ടില്‍ ഭൂമികയ്യേറ്റം ഒഴിപ്പിക്കുന്നു

ഒഴിപ്പിക്കലിന്റെ ഭാഗമായി കല്പറ്റ, മേപ്പാടി, വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ ജില്ലാ കളക്ടര്‍ ടി.ഭാസ്‌കരന്‍ ബുധനാഴ്ച നിരോധനാജ്ഞ പുറപ്പെടുവിച്ചു.അയല്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വയനാട്ടിലെത്തിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് പോലീസ് നടപടി.
മേപ്പാടി എച്ച്എംഎല്‍ ഭൂമിയില്‍ നിന്ന് അമ്പതോളം ആളുകളെ ഒഴിപ്പിച്ചു.സിപിഎമ്മിന്റെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് ആളുകള്‍ ഒഴിപ്പിക്കല്‍ പ്രതിരോധിക്കുന്നുണ്ട്.
ജോര്‍ജ് പോത്തന്റെ വെള്ളാരംകുന്നിലെ കാഡ്ബറീസ് എസ്‌റ്റേറ്റിലാണ് പ്രതിരോധം കേന്ദ്രീകരിച്ചിരിക്കുന്നത്. എന്തുവന്നാലും എസ്‌റ്റേറ്റില്‍ നിന്ന് വിട്ടുപോകില്ലന്നാണ് സമരക്കാര്‍ പറയുന്നത്.
വയനാട്ടിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാനായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
കൈയേറ്റം ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്ന് കഴിഞ്ഞ മാസം 18 നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ആദിവാസികളെ ഒഴിപ്പിക്കുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും കൂടുതല്‍ സാവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
ഇതു തള്ളിയ സാഹചര്യത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ബന്ധിതമായത്. ഹൈക്കോടതി നിര്‍ദേശിച്ച സമയപരിധി ജൂണ്‍ 18 ന് അവസാനിക്കുകയാണ്. ഇതിനകം ഒഴിപ്പിക്കല്‍ നടത്തിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാവും.












Click it and Unblock the Notifications