ഗുജറാത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെച്ചു

അമിത് ഷായെ അറസ്റ്റു ചെയ്യാന്‍ സിബിഐ നീക്കങ്ങള്‍ നടത്തുന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അമിത് ഷായുടെ രാജി. ആഭ്യന്തര മന്ത്രിയുടെ രാജി സ്വീകരിച്ചുവെന്ന് ഗുജറാതത് ്മുഖ്യമന്ത്രി മോഡി അറിയിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും മോഡി പറഞ്ഞു.
രണ്ട് തവണ സമന്‍സ് അയച്ചിട്ടും ഷാ ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് ക്രിമിനല്‍ ഗൂഢാലോചന, തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രത്യേക സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാതിരുന്ന ഷാ വെള്ളിയാഴ്ച അഭിഭാഷകരെ അയയ്ക്കുകയായിരുന്നു. ഷായ്ക്ക് ഹാജരാകാന്‍ കൂടുതല്‍ സമയം അനുവദിയ്ക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. അമിത് ഷാ വ്യാഴാഴ്ച ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു സിബിഐ രണ്ടാമത് സമന്‍സ് അയച്ചത്.
സെറാബുദ്ദീന്‍ ഷെയ്ഖിനെ ലഷ്‌കറെ തൊയിബ ബന്ധം ആരോപിച്ചു പിടികൂടി വ്യാജ ഏറ്റുമുട്ടല്‍ കഥ ചമച്ചു പൊലീസ് വധിച്ചുവെന്നാണ് കേസ്. ഹൈദരാബാദിലേക്കു ബസില്‍ പോവുകയായിരുന്ന സെറാബുദ്ദീന്‍ , ഭാര്യ കൗസര്‍ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഗുജറാത്ത് -ആന്ധ്രപ്രദേശ് സംയുക്ത പൊലീസ് സംഘം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ 2005 നവംബര്‍ 22നാണു പിടികൂടിയത് 26ന് ഇവര്‍ കൊല്ലപ്പെട്ടു.
ഏറ്റുമുട്ടല്‍ നടത്തിയ പോലീസുകാരുമായി ഷാ ബന്ധപ്പെട്ടിരുന്നുവെന്നാണ് സിബിഐ ആരോപിക്കുന്നത്. സംഭവം മൂടിവെയ്ക്കാനും തെളിവ് നശിപ്പിയ്ക്കാനും പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കൊണ്ടുള്ള അമിത് ഷായുടെ ടെലിഫോണ്‍ പകര്‍പ്പുകള്‍. സാക്ഷികളെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ടെലിഫോണ്‍ സംഭാഷണങ്ങള്‍, തുടങ്ങിയവയാണ് അമിത് ഷായെ കുടുക്കിയത്.
ഏറ്റുമുട്ടലില്‍ തനിക്കു പങ്കില്ലെന്നും ആഭ്യന്തര സഹമന്ത്രി എന്ന നിലയില്‍ തന്റെ പേര് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അമിത് ഷാ വ്യാഴാഴ്ച പറഞ്ഞിരുന്നു.












Click it and Unblock the Notifications