കശ്മീരില്‍ വീണ്ടും കലാപം ; 8 മരണം

ശ്രീനഗറിനു സമീപം ഖ്രൂ മേഖലയിലെ പൊലീസ് സ്‌റ്റേഷനാണ് ഞായറാഴ്ച വൈകിട്ട് ആക്രമിച്ചത്.
രോഷാകുലരായ ജനക്കൂട്ടം സ്‌റ്റേഷന് തീവെച്ചതിനെ തുടര്‍ന്ന് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് നാലുപേര്‍ മരിക്കുകയായിരുന്നു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ചസുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍കൂടി കൊല്ലപ്പെട്ടിരുന്നു.
നിരവധി പൊലീസുകാരുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക്് പരിക്കേറ്റു. ഈ മേഖലയിലേക്ക് കൂടുതല്‍ സേനയെ അയച്ചു. ഖ്രൂ മേഖലയില്‍ തന്നെ പൊലീസ് ഔട്ട്‌പോസ്റ്റ് ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ സംഘടിച്ച് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്.
പൊലീസ് സ്‌റ്റേഷനുനേരെ കല്ലേറു നടത്തിയ സംഘം പിന്നീട് തീയിടുകയായിരുന്നു. സ്‌റ്റേഷനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളും ഗ്യാസ് സിലിണ്ടറും പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. പ്രധാന നഗരങ്ങളില്‍ പ്രഖ്യാപിച്ച കര്‍ഫ്യു അവഗണിച്ചാണ് നാട്ടുകാര്‍ തെരുവിലിറങ്ങി സുരക്ഷാസേനയുമായി ഏറ്റുമുട്ടുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തിയ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. തഹസില്‍ദാറുടെ ഓഫീസും പൊലീസ് വാഹനങ്ങളും സംഘം തകര്‍ത്തു.
കശ്മീര്‍ സംഭവവികാസങ്ങള്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യസമിതി ചര്‍ച്ചചെയ്തു. അക്രമം തടയാന്‍ ശക്തമായ നടപടി കൈക്കൊള്ളാന്‍ യോഗം തീരുമാനിച്ചതായി സൂചനകളുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ആഭ്യന്തരമന്ത്രി പി ചിദംബരം, പ്രതിരോധമന്ത്രി എ കെ ആന്റണി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമാധാനം നിലനിര്‍ത്താനും അക്രമികളെ ഒറ്റപ്പെടുത്താനും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications