ഗള്‍ഫില്‍ റംസാന് തുടക്കം; കേരളത്തില്‍ വ്യാഴാഴ്ച

അതേ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ റംസാന്‍ വ്രതാനുഷ്ഠാനത്തിന് തുടക്കമായിട്ടുണ്ട്. അറേബ്യയിലെ തായിഫില്‍ മാസപ്പിറവി ദൃശ്യമായതോടെ ബുധനാഴ്ച വിശുദ്ധ മാസം തുടങ്ങുമെന്നും സൗദി സുപ്രീം ജുഡീഷ്യറി കൌണ്‍സില്‍ ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. എന്നാല്‍ രാജ്യപരിധിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒമാനില്‍ വ്യാഴാഴ്ചയാണ് റംസാന്‍ ആരംഭിയ്ക്കുക.
വിശുദ്ധ ഖുറാന്‍ അവതരിച്ച പുണ്യമാസം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നോമ്പുകാലമാണ്. നമസ്‌കാരവും ഉപവാസവും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി സജീവമാകുന്ന ദിനരാത്രങ്ങളാണ് ഇനി വിശ്വാസികളെ കാത്തിരിക്കുന്നത്.
ഇനിവരുന്ന ഒരു മാസക്കാലം പ്രാര്‍ത്ഥനയും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കൊണ്ട് ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും. ഖുര്‍ ആനില്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ക്ഷമ പരിശീലിക്കുന്ന കാലം കൂടിയാണിത്. ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണെന്നാണ് നബി വചനം. വ്രതം ക്ഷമയുടെ പകുതിയാണെന്നും പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.
കഠിനവ്രതമനുഷ്ടിക്കുന്ന വിശ്വാസി എല്ലാവരോടും ക്ഷമയോടെ മാത്രം പെരുമാറുന്നു. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കുന്നു. അതിലൂടെ സഹജീവി സ്‌നേഹം വളരുന്നു. പാപമോചനത്തിന്റെ മാസമാണ് റംസാന്‍. പുണ്യമാസത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാതെ നടത്തുന്ന നോമ്പുതുറ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതാണ്.












Click it and Unblock the Notifications