ഉണ്ടോ.. ഇംഗ്ലീഷ്, ഫിസിക്സ് യോഗ്യതയുള്ളവര്‍
തിരുവനന്തപുരം: എയ്ഡഡ് കോളജുകളില്‍ 1599 ലക്ചറര്‍മാരുടെ തസ്തികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത് ഈയിടെയാണ്. അതോടെ മാനേജ്‍മെന്റുകല്‍ യോഗ്യതയും പണം നല്‍കാന്‍ തയ്യാറുമുള്ള ആളെ പിടിയ്ക്കാന്‍ വല വിരിച്ച് തുടങ്ങി.
പക്ഷേ മാനേജ്‍മെന്റുകള്‍ക്ക് ദുഖം ഉണ്ടാക്കുന്ന ഒരു വസ്തുത കൂടി ഈ വിഷയത്തില്‍ ഉണ്ട്. ചില വിഷയങ്ങളില്‍ കോളജ് അധ്യാപകരാവാന്‍ യോഗ്യത നേടിയവര്‍ വേണ്ടത്ര ഇല്ലെന്നതാണ് അത്. ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ളതും ഈ വിഷയങ്ങളിലാണെന്നതാണ് ഏറെ വിഷമം ഉണ്ടാക്കുന്ന കാര്യം. ഫിസിക്സിനും ഇംഗ്ലീഷിനുമാണ് ഏറ്റവും കൂടുതല്‍ ഒഴിവുള്ളത്. പക്ഷേ ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാര്‍ക്കും നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ വിജയവും ഉള്ളവര്‍ വളരെ കുറവ്. ഇതാണ് കോളെജ് അധ്യാപകരാവാന്‍ വേണ്ട യോഗ്യത. ഡോക്ടറേറ്റ് ഉണ്ടെങ്കില്‍ നെറ്റ് വേണമെന്നില്ല.
പൊതുവേ സയന്‍സ് വിഷയങ്ങളില്‍ യോഗ്യതയുള്ളവര്‍ കുറവാണ്. കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയാണിവ. കോമേഴ്സിനും യോഗ്യതയുള്ളവര്‍ കുറവ് തന്നെ.
ഇപ്പോള്‍ 1012 ഒഴിവുകളാണ് ഉള്ളത്. ബാക്കിയുള്ളത് വൈകാതെ അധ്യാപകര്‍ ഒഴിയുന്ന മുറയ്ക്ക് ഉണ്ടാവും. ഇപ്പോള്‍ ഉള്ള ഒഴിവുകള്‍ ഇങ്ങനെയാണ്. ഇംഗ്ലീഷിന് 200, ഫിസിക്‌സിന് 143, കൊമേഴ്‌സ് - 107, കെമിസ്ട്രി-98, കമ്പ്യൂട്ടര്‍ സയന്‍സ്-94, മലയാളവും ഹിസ്റ്ററിയും - 46 വീതം, കണക്ക്-43, ബോട്ടണി-41, ഇക്കണോമിക്‌സ്-27, സുവോളജി-24, മൈക്രോബയോളജി-21, ബയോകെമിസ്ട്രി-16, സ്റ്റാറ്റിസ്റ്റിക്‌സ്-15, ബയോടെക്‌നോളജി-12. മറ്റ് വിഷയങ്ങളില്‍ പത്തിന് താഴെയാണ് ഒഴിവുകള്‍.
1012 ഒഴിവുകളിലും കൂടി ഏതാണ്ട് 101.20 കോടി രൂപയുടെയെങ്കിലും കച്ചവടമാണ് മാനേജ്മെന്റുകള്‍ നടത്താന്‍ പോകുന്നത്. പത്ത് ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് അധ്യാപക നിയമനത്തിന്‍ വിവിധ കോളജ് മാനേജ്മെന്റുകള്‍ വാങ്ങുന്നത്.
ഇംഗ്ലീഷ്, ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് തുടങ്ങിയ വിഷയങ്ങളില്‍ നെറ്റ് യോഗ്യത ഉള്ളവര്‍ തന്നെ കുറവാണ്. ഡോക്ടറേറ്റ് ഉള്ളവര്‍ തീരെ ഇല്ല.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ കോളെജുകളിലെ ഇംഗ്ലീഷ് അധ്യാപക ഒഴിവിലേയ്ക്ക് പിഎസ്സി പ്രവേശന പരീക്ഷ നടത്തിയിരുന്നു. പരീക്ഷ എഴുതിയത് വെറും 224 പേര്‍ മാത്രം. ഇതില്‍ 201 പേരും പി എസ് സി യുടെ ലക്ചറര്‍ ലിസ്റ്റില്‍ സ്ഥലം പിടിച്ചു. നെറ്റ് പരീക്ഷ പാസായവരെ പരീക്ഷ എഴുതാന്‍ തന്നെ അനുവദിച്ചില്ല.
കേരളത്തില്‍ ഇപ്പോള്‍ ഒട്ടേറെ സ്വകാര്യ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളജുകളുണ്ട്. സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന കൊളെജുകളും ഉണ്ട്. കോളെജ് അധ്യാപകരാകാന്‍ യോഗ്യത ഉള്ളവരെ കിട്ടാന്‍ സര്‍ക്കാര്‍ കോളെജുകളും എയ്ഡഡ് കോളെജുകളും വിഷമിയ്ക്കുമ്പോള്‍ ഈ സ്വാശ്രയ കോളെജുകളില്‍ അതേ വിഷയം പഠിപ്പിയ്ക്കുന്നത് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച യോഗ്യത ഇല്ലാത്തവര്‍ ആണെന്ന് ഓര്‍മിയ്ക്കുക. ഇത്തരം കോളെജുകളില്‍ വിരമിച്ച അധ്യാപകര്‍ പഠിപ്പിയ്ക്കുന്നുണ്ടെങ്കിലും അത് താരതമ്യേന കുറവാണ്. സര്‍ക്കാരും സര്‍വകലാശാലയും അംഗീകാരം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിയ്ക്കുന്ന യോഗ്യത ഉള്ളവര്‍ മാത്രമേ പഠിപ്പിയ്ക്കാവൂ എന്ന് അധികൃതര്‍ നിബന്ധന വയ്ക്കാനാവാത്തത് എന്തുകൊണ്ടാണ്?
അധ്യാപക ക്ഷാമമുള്ള ഇംഗ്ലീഷ്, ഫിസിക്സ് വിഷയങ്ങളില്‍ നെറ്റ് യോഗ്യതയുമായി നില്‍ക്കുന്ന ചിലര്‍ക്കെങ്കിലും ഭാഗ്യം തെളിഞ്ഞെന്ന് വിശ്വസിയ്ക്കാം. ഇവര്‍ക്ക് ഒരുപക്ഷേ കോഴ കൊടുക്കാതെ തന്നെ ജോലി കിട്ടിയെന്ന് വരും.












Click it and Unblock the Notifications