നവംബര്‍ 30 വരെ കുടിവെള്ളം മുടങ്ങില്ല !!
തിരുവനന്തപുരം: നവംബര്‍ 30 വരെ എന്തായാലും കേരളത്തില്‍ കുടിവെള്ള വിതരണം മുടങ്ങില്ലെന്ന് ആശ്വസിയ്ക്കാം. അതിന് ശേഷം ഉള്ള കാര്യം ഇപ്പോള്‍ ചോദിക്കരുത്. വൈദ്യുതി നിരക്ക് കുടിശ്ശിക അടച്ച് തീര്‍ക്കാന്‍ നവംബര്‍ 30 വരെ ജല അഥോറിട്ടിയ്ക്ക് സാവകാശം നല്‍കിയിരിയ്ക്കുകയാണ് മന്ത്രിസഭ.
കഴിഞ്ഞ മാസം തിരുവനന്തപുരം ഉള്‍പ്പടെ കേരളത്തിലെ പല സ്ഥലത്തും ഉള്ള ജല അഥോറിട്ടിയുടെ പമ്പിംഗ് സ്റ്റേഷനുകളിലെ വൈദ്യുതി വിതരണം വൈദ്യുതി ബോര്‍ഡ് നിറുത്തിയിരുന്നു. തുടര്‍ന്ന് ഈ സ്ഥലങ്ങളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടാതായി. വൈദ്യുതി ബോര്‍ഡിന്റെ ഈ നടപടി കൊണ്ട് ഒരു ദിവസം മുഴുവനും കേരളത്തില്‍ പല സ്ഥലത്തുമുള്ള ആളുകള്‍ വെള്ളമില്ലാതെ കഴിയേണ്ടിവന്നു. ഇത്തരം ധാര്‍ഷ്ട്യം വൈദ്യുതി വകുപ്പിന് കാണിയ്ക്കാമോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണ്.
വേണ്ട സമയത്ത് രാഷ്ട്രീയ നേതൃത്ത്വം ഇടപെട്ട് പ്രശ്നം പരിഹരിച്ചില്ലെന്നായിരുന്നു അന്നത്തെ പ്രധാന ആരോപണം. പകരം ഉദ്യോഗസ്ഥര്‍ സ്വന്തം അധികാരം കാണിച്ച് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. വൈദ്യുതി വകുപ്പ് അധികൃതര്‍ ജനങ്ങളെ നേരിട്ട് ബാധിയ്ക്കാത്ത മറ്റ് വകുപ്പുകളുടെ വൈദ്യുതി നിരക്ക് കുടിശിക പിരിയ്ക്കാന്‍ പോകുന്നതിന് മുമ്പ് ആദ്യം ജല അഥോറിട്ടിയെ പിടികൂടിയത് എന്തിനാണ്? അതും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യം മാത്രം.
പമ്പിംഗ് സ്റ്റേഷനുകളിലേയ്ക്കുള്ള വൈദ്യുതി നിറുത്തിയപ്പോള്‍ പകരം വൈദ്യുതി ബോര്‍ഡിന്റെ ഓഫീസുകളിലേയ്ക്കുള്ള ജലവിതരണം നിറുത്താനുള്ള തീരുമാനം ജല അഥോറിട്ടി അധികൃതര്‍ എടുക്കാത്തത് എന്തെന്ന് ചോദിക്കരുതു്. മാന്യത എന്ന് വേണമെങ്കില്‍ പറയാം.
ജലഅതോറിറ്റി നല്‍കാനുള്ള കുടിശ്ശികയുടെ പേരില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്ന നടപടി നംവംബര്‍ 30 വരെ ഉണ്ടാവരുതെന്ന് വൈദ്യുതി ബോര്‍ഡിന് മന്ത്രിസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ കുടിശിക കൊടുത്ത് തീര്‍ക്കാനുള്ള നടപടി സ്വീകരിയ്ക്കും. 142 കോടി രൂപയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ള ആകെ കുടിശിക.
കൃഷിവകുപ്പ് 47 കോടിയും, ആരോഗ്യവകുപ്പ് ഏഴുകോടിയും ആഭ്യന്തരവകുപ്പ് 82 കോടിയും തദ്ദേശഭരണവകുപ്പ് 12 കോടിയും ജലസേചന വകുപ്പ് അഞ്ചരക്കോടിയുമാണ് കുടിശിക വരുത്തിയിട്ടുള്ളത്. 2010 മാര്‍ച്ച് 31-വരെയുള്ള കണക്കാണിത്. കുടിശിക തീര്‍ത്തില്ലെങ്കില്‍ ജലസേചനത്തിനായി കര്‍ഷകര്‍ക്ക് നല്‍കുന്ന സൗജന്യ വൈദ്യുതിയടക്കം വിഛേദിക്കുമെന്നാണ് മുന്നറിയിപ്പ്. കൃഷിക്കാരുടെ സൗജന്യ വൈദ്യതിയ്ക്കുറിച്ച് പ്രത്യേക തീരുമാനം ഒന്നും സെപ്തംബര്‍ രണ്ട് വ്യാഴാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ എടുത്തിട്ടില്ല.












Click it and Unblock the Notifications