മോഷ്ടാവ് വിഴുങ്ങിയ മാല നാലാംദിവസം പുറത്തുവന്നു
അമ്പലപ്പുഴ: പൊലീസുകാരുടെ നാലു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ കള്ളന്‍ വിഴുങ്ങിയ തൊണ്ടിമുതലായ സ്വര്‍ണമാല പുറത്തുവന്നു.
വ്യാഴാഴ്ച പകല്‍ ഉച്ചയോടെ വിസര്‍ജ്യത്തിലൂടെയാണ് മാല പുറത്തുവന്നത്. മോഷണക്കേസില്‍ അറസ്റ്റിലായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിന് വ്യാഴാഴ്ച ഡോക്ടര്‍ വയറിളക്കാനുളള മരുന്ന് നല്‍കിയിരുന്നു.
എറണാകുളം പള്ളുരുത്തി കല്ലുച്ചിറപ്പാടം ഷെഫീക്ക് (25) ആണ് വയറ്റില്‍ മാലയുമായി വണ്ടാനം മെഡിക്കല്‍കോളേജ് ആപത്രിയിലെ 10ാം വാര്‍ഡില്‍ പ്രത്യേക നിരീക്ഷണത്തില്‍ പോലീസ് കാവലില്‍ കഴിഞ്ഞിരുന്നത്.
മാല പുറത്തുവന്നതിനാല്‍ പ്രതിയെ വെള്ളിയാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. കോടതി റിമാഡ് ചെയ്തതിനെത്തുടര്‍ന്ന് മജിസ്‌ട്രേറ്റ് കസ്റ്റഡിയിലായ പ്രതിയെ ഇതിനു ശേഷം അമ്പലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
തൊണ്ടിമുതലായ മാലയും കോടതിയില്‍ ഹാജരാക്കും. കൊല്ലം വടക്കേവിള മാടന്‍വെണ്ടര്‍മുക്ക് അക്കരവില്ല നഗര്‍ കെ.ജി. ഭവനില്‍ ജനാര്‍ദനന്റെ രണ്ടരവയസ്സുള്ള മകള്‍ ദുര്‍ഗയുടെ ഒമ്പതു ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയാണ് ബസ്‌യാത്രയ്ക്കിടെ പ്രതി പൊട്ടിച്ചെടുത്തു വിഴുങ്ങിയത്.
ഞായറാഴ്ച വൈകീട്ടാണ് ഷെഫീക്കിനെയും സഹായി പള്ളുരുത്തി ശാന്തന്‍ കോളനിയില്‍ സുരേഷി(18)നെയും അമ്പലപ്പുഴ എസ്.ഐ. ഇ.ഡി. ബിജുവും സംഘവും അറസ്റ്റുചെയ്തത്.
ഷെഫീക്കിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേയെടുത്തപ്പോഴാണ് വയറ്റിനുള്ളില്‍ മാലയുണ്ടെന്നു കണ്ടത്. അപ്പോള്‍മുതല്‍ 'തൊണ്ടിമുതല്‍' പുറത്തുവരാന്‍ പോലീസ് കാത്തിരിക്കുകയായിരുന്നു.












Click it and Unblock the Notifications