ഈജിപ്തില്‍ മാധ്യമപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി

പ്രശസ്ത പത്രപ്രവര്‍ത്തക ലാറ ലോഗന്‍(39) ആണ് മാനഭംഗത്തിന് ഇരയായത്. പ്രക്ഷോഭകേന്ദ്രമായ തഹ്രീര്‍ ചത്വരത്തില്‍ കഴിഞ്ഞ ഫെബ്രുവരി 11ന് വെള്ളിയാഴ്ചയാണു സംഭവം നടന്നത്.
സിബിഎസ് ന്യൂസ് ചാനലിന്റെ ചീഫ് ഫോറിന്‍ കറസ്‌പോണ്ടന്റായ ലാറ അമേരിക്കയിലെ അറിയപ്പെടുന്ന യുദ്ധകാര്യ ലേഖികയാണ്.
മുബാറക് രാജിവച്ചതിനേത്തുടര്‍ന്നുള്ള ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലാറ ലോഗന്‍ സഹപ്രവര്‍ത്തകരില്‍നിന്നും സുരക്ഷാഭടന്‍മാരില്‍നിന്നും ഒറ്റപ്പെട്ട് ജനക്കൂട്ടത്തില്‍ അകപ്പെടുകയായിരുന്നു.
ജനക്കൂട്ടം ലാറയെ ലൈംഗികമായി ഉപദ്രവിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഒരുസംഘം സ്ത്രീകളും ഇരുപതോളം സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്നാണു ലാറയെ രക്ഷിച്ചത്. പിറ്റേന്നുതന്നെ അമേരിക്കയ്ക്കു മടങ്ങിയ ലാറ ഇപ്പോള്‍ ചികിത്സയിലാണ്.
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ലാറ ലോഗന്‍, അഫ്ഗാന്‍, ഇറാഖ് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് അലക്‌സാന്‍ഡ്രിയയില്‍ ഈജിപ്ത് കലാപകാരികളും വേഷപ്രച്ഛന്നരായ സൈനികരും തന്നെ തടഞ്ഞുവച്ചതും തോക്കു ചൂണ്ടി ഹോട്ടലിലേക്കു നടത്തിച്ചതും ലാറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈജിപ്തില്‍ ഭരണവിരുദ്ധ കലാപത്തിനിടെ 140 റിപ്പോര്‍ട്ടര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടുണ്ട്.
ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ക്ക് ഇരയാകുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രവര്‍ത്തിക്കുന്ന, ന്യൂയോര്‍ക്കിലെ 'കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്' ലാറയ്ക്കുണ്ടായ പീഡനത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.












Click it and Unblock the Notifications