കാമുകനെ ഹോസ്റ്റല്‍ മുറിയില്‍ താമസിപ്പിച്ചു
ഗോരഖ്പൂര്‍: കാമുകനെ രാത്രിയില്‍ ഹോസ്റ്റല്‍ മുറിയില്‍ പാര്‍പ്പിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ കോളെജ് അധികൃതര്‍ പുറത്താക്കി. ഗോരഖ്പൂരിലെ എംഎംഎം എന്‍ജിനീയറിങ് കോളെജിലാണ് സംഭവം നടന്നത്.
ദില്ലിയെ ഐഐടിയിലെ വിദ്യാര്‍ഥിയായ കാമുകനെയാണ് വിദ്യാര്‍ഥിനി ഹോസ്റ്റലിലെ സ്വന്തം മുറിയില്‍ രാത്രിയില്‍ താമസിപ്പിച്ചത്. ഇക്കാര്യത്തില്‍ കാമുകനെതിരെ നടപടിയെടുക്കണമെന്ന് കോളെജ് അധികൃതര്‍ ദില്ലി ഐഐടിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റൊരു കുട്ടിയ്‌ക്കൊപ്പമാണത്രേ ആരോപണവിധേയയായ വിദ്യാര്‍ഥിനി സരസ്വതി മഹിള ഹോസ്റ്റലില്‍ കഴിയുന്നത്. മാര്‍ച്ച് 7ന് ഒപ്പം താമസിക്കുന്ന കുട്ടി ഇല്ലാത്ത സമയത്ത് വിദ്യാര്‍ഥിനി കാമുകനെ മുറിയില്‍ കൊണ്ടുവരുകയും രാത്രി ഒന്നിച്ച് കഴിയുകയുമായിരുന്നു.
തന്റെ വസ്ത്രങ്ങള്‍ അണിയിച്ചാണ് യുവതി കാമുകനെ അകത്ത് കയറ്റിയത്. പിറ്റേന്ന് രാവിലെ ഇതേ വസ്ത്രത്തില്‍ പെണ്‍കുട്ടിയാണെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് കാമുകന്‍ സ്ഥലം വിടുകയായിരുന്ന. ഇക്കാര്യത്തില്‍ സംശയം തോന്നിയ മറ്റു പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ വാര്‍ഡനോട് വിവരം പറഞ്ഞത്.
വാര്‍ഡന്‍ വിവരം പ്രിന്‍സിപ്പലിനെ അറിയിച്ചു. തുടര്‍ന്ന് കോളെജ് അധികൃതര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഒരു സമിതിയെ നിയോഗിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സമിതി കുട്ടിയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.
കുട്ടിതന്നെ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് കോളെജ് അധികൃതര്‍ പറയുന്നു. കാമുകന്റെ പേരുവിവരങ്ങള്‍ കുട്ടി തന്നെയാണ് അധികൃതര്‍ക്ക് നല്‍കിയത്. ആഗ്രജില്ലയില്‍ നിന്നുള്ള ഇവര്‍ ഏറെനാളായി പരിചയത്തിലാണത്രേ.
ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥികളായ ഇവര്‍ രണ്ടുപേരും പഠനത്തില്‍ മിടുക്കരുമാണ്. ഇതിനകം തന്നെ ഇവര്‍ കാമ്പസ് സെലക്ഷന്‍ വഴി ജോലിനേടിയിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ രണ്ടുപേരുടെയും കരിയറില്‍ പ്രശ്‌നങ്ങളുണ്ടാക്കിയേയ്ക്കുമെന്നാണ് സൂചന. സംഭവത്തെത്തുടര്‍ന്ന് അധികൃതര്‍ ഹോസ്റ്റലിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications