ഗസ്റ്റ് ഹൗസ് മാനേജരെ സ്ത്രീകള്‍ ചൂലുകൊണ്ടടിച്ചു
കൊല്ലം: കൊല്ലം ഗസ്റ്റ് ഹൗസ് മാനേജരെ സ്ത്രീകള്‍ കയ്യേറ്റം ചെയ്തു. കേരള ദളിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച ഗസ്റ്റ് ഹൗസിലെത്തി ആശ്രാമം ഗസ്റ്റ് ഹൗസിലെ മാനേജര്‍ കണ്ണൂര്‍ സ്വദേശി കെവി കൃഷ്ണനെ ആക്രമിക്കുകയും ചൂലുകൊണ്ട് അടിക്കുകയും ചെയ്തത്.
പീഡനത്തിന് ഇറയായ ഗസ്റ്റ് ഹൗസ് ജീവനക്കാരിയെ കൃഷ്ണന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി പി മഞ്ജുവടക്കം 16പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു.
ഇരുപത്തഞ്ചോളം വരുന്ന കെ.ഡി.എം.എഫ്. പ്രവര്‍ത്തകരുടെ കയ്യേറ്റത്തില്‍ അവശനായ കൃഷ്ണന്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ആണ് സംഘര്‍ഷത്തിന് തുടക്കം. ഗസ്റ്റ്ഹൗസിലെ ഡെപ്യൂട്ടി ഡയറക്ടര്‍, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ലാസ്‌കര്‍, കുക്ക് എന്നിവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശാരീരികമായും മാനസികമായും തന്നെ പീഡിപ്പിക്കുകയാണെന്നുകാട്ടി 47കാരിയായ സ്വീപ്പര്‍ വനിതാ കമ്മിഷനും ഈസ്റ്റ്‌പോലീസിനും പരാതി നല്‍കിയിരുന്നു.
നാലുപേര്‍ക്കെതിരെയും ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
പട്ടികജാതിയില്‍പ്പെടുന്ന പരാതിക്കാരിയെ സ്വാധീനിച്ച് കേസ് പിന്‍വലിപ്പിക്കാന്‍ ഗസ്റ്റ്ഹൗസ് മാനേജര്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് ദളിത് മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ ഗസ്റ്റ്ഹൗസിലെത്തിയത്.
കാറിലെത്തിയ ഇവര്‍ കടലാസില്‍ പൊതിഞ്ഞൊളിപ്പിച്ച ചൂലുകളും കരുതിയിരുന്നു. ഗസ്റ്റ് ഹൗസിലെ പ്രധാന ഹാളില്‍ മാനേജരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് പ്രകോപനപരമായ രംഗങ്ങള്‍ അരങ്ങേറിയത്.
ഒരുമാസം മുമ്പ് മാത്രമാണ് ആശ്രാമം ഗസ്റ്റ് ഹൗസില്‍ താന്‍ മാനേജരായി എത്തിയതെന്നും പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ.വി.കൃഷ്ണന്‍ പറഞ്ഞതോടെ ക്ഷുഭിതരായ മഹിളാ ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മാനേജരുടെ ഷര്‍ട്ട് വലിച്ചുകീറുകയും തുടര്‍ന്ന് ചൂലുകൊണ്ട് അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മാനേജരെ തല്ലുന്നതുകണ്ട് തടസം പിടിക്കാനെത്തിയ ഗസ്റ്റുഹൗസിലെ സ്വീപ്പര്‍ വസന്തയ്ക്കും അടിയേറ്റു. മറ്റൊരു ജീവനക്കാരിയായ ഹാജിറാബീവിയെയും പ്രതിഷേധക്കാര്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്.
കൂട്ടത്തല്ല് നടക്കുന്നതിനിടെ ഗസ്റ്റ്ഹൗസില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഇറങ്ങിയോടിയ കൃഷ്ണനെ കേരള ദളിത് ഫെഡറേഷന്‍ അനുഭാവിയായ ബിനോയ് പിന്നാലെയെത്തി പിടികൂടി വീണ്ടും പ്രധാനഹാളിലെത്തിക്കുകയായിരുന്നു.












Click it and Unblock the Notifications