മോഷണക്കേസ് പ്രതി മജിസ്‌ട്രേട്ടിനെ ഷൂസുകൊണ്ടെറിഞ്ഞു
നിലമ്പൂര്‍: കോടതി നടപടികള്‍ക്കിടെ പ്രതി മജിസ്‌ട്രേട്ടിന് നേരെ ഷൂസെറിഞ്ഞു. ഉന്നം തെറ്റിയ ഷൂ ചെന്നുകൊണ്ടത് അഭിഭാഷകന്റെ ദേഹത്ത്. നിലമ്പൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് സിആര്‍ ദിനേശനുനേരെയാണ് ഷൂസേറുണ്ടായത്. എടക്കര സ്വദേശി ബെ്‌നനിയെന്നയാളാണ് ഷൂസെറിഞ്ഞത്. മോഷണക്കേസിലെ പ്രതിയാണ് മുപ്പത്തിയേഴുകാരനായ ഇയാള്‍.
2010 നവംബര്‍ രണ്ടിന് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ബെന്നിയെ ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സംഭവം നടന്നത്. കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ ബെന്നിയുടെ വക്കാലത്ത് ഒഴിഞ്ഞിരുന്നു.
കോടതി ചേര്‍ന്ന ഉടനെ ഗാര്‍ഹികപീഡന കേസാണ് പരിഗണിച്ചത്. മഞ്ചേരി ബാറിലെ അഭിഭാഷകന്‍ പി.പി. മുനീര്‍ ഈ കേസില്‍ വാദം നടത്തവെ പ്രതിക്കൂടിനു സമീപം വാതില്‍ക്കല്‍ നിന്ന ബെന്നി ഷൂ എറിയുകയായിരുന്നു. മുനീറിന്റെ തലയ്ക്കു പിന്നിലാണ് ഏറു കൊണ്ടത്.
വളരെക്കാലമായി ജയിലിലാണെന്നും കോടതി നടപടികള്‍ക്കു വേഗം പോരെന്നും ബെന്നി വിളിച്ചു പറയുന്നുണ്ടായിരുന്നു. പിന്നില്‍നിന്നു ശക്തിയായി അടിച്ചതുപോലെയാണ് തോന്നിയതെന്ന് അഡ്വ. മുനീര്‍ പറഞ്ഞു.
തുടര്‍ന്ന് വാദം നിര്‍ത്തിവച്ച് ബെന്നിയുടെ കേസ് പരിഗണനയ്ക്ക് എടുത്ത മജിസ്‌ട്രേട്ട് ജൂണ്‍ 14ലേക്ക് കേസ് അവധി വച്ചു. പ്രതിയെ വിയ്യൂര്‍ ജയിലിലേക്കു കൊണ്ടുപോയി. ഒ്ന്നിലേറെ മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications