ലോക്പാല്‍: വിരട്ടല്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഹസാരെപക്ഷം സഹകരിച്ചാലും ഇല്ലെങ്കിലും ജൂണ്‍ 30 ഓടെ ശക്തമായ ലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കുമെന്നും ഗവണ്‍മെന്റ് ആരുടെയും ഭീഷണിക്കു വഴങ്ങില്ലെന്നും കേന്ദ്രമന്ത്രിമാരായ കപില്‍ സിബലും ചിദംബരവും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭീഷണിയും കൂടിയാലോചനയും ഒന്നിച്ചുനടക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇരു പക്ഷത്തിന്റെയും നിലപാടുകള്‍ വ്യക്തമാക്കുന്ന രണ്ടു കരടു ബില്ലുകള്‍ കേന്ദ്ര മന്ത്രിസഭയ്ക്കു സമര്‍പ്പിക്കില്ലെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
ആഗസ്്റ്റ് 15നു മുമ്പ് ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവന്നില്ലെങ്കില്‍ ജന്തര്‍മന്ദറില്‍ ആഗസ്റ്റ് 16 മുതല്‍ താന്‍ വീണ്ടും ഉപവാസം ആരംഭിക്കുമെന്നായിരുന്നു ഹസാരെയുടെ മുന്നറിയിപ്പ്.
അണ്ണാ ഹസാരെയ്ക്കും കൂട്ടര്‍ക്കും ശക്തമായ തിരിച്ചടിയാണു സര്‍ക്കാര്‍ നല്‍കിയത്. സമാന്തര സര്‍ക്കാരിനെപ്പോലെ പെരുമാറി കേന്ദ്രത്തെ ഭരിക്കാന്‍ ആരും ശ്രമിക്കരുതെന്നു സംയുക്ത സമിതി അംഗം കപില്‍ സിബല്‍ മുന്നറിയിപ്പു നല്‍കി.
സമിതിയിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളായ ആഭ്യന്തര മന്ത്രി പി. ചിദംബരം, ടെലികോം മന്ത്രി കപില്‍ സിബല്‍, നിയമമന്ത്രി വീരപ്പ മൊയ്‌ലി, ന്യൂനപക്ഷക്ഷേമ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവര്‍ സംയുക്തമായാണ് അണ്ണാ ഹസാരെയ്‌ക്കെതിരേ രംഗത്തു വന്നത്.
ഹസാരെപക്ഷം നല്‍കിയ കരട് പരിശോധിച്ച ശേഷം ഭൂരിഭാഗം കാര്യങ്ങളും അംഗീകരിച്ചു. ഭരണഘടനാപരമായി നോക്കുമ്പോള്‍ ചില കാര്യങ്ങള്‍ നടപ്പാക്കുക ബുദ്ധിമുട്ടാണ്. ലോക്പാല്‍ സമിതിയെ നിയമിക്കുന്നതു സംബന്ധിച്ചാണു പ്രധാന തര്‍ക്കം. ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സമയം നിരാഹാര സമരം പ്രഖ്യാപിച്ചു സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നതു ശരിയല്ല- സിബല്‍ പറഞ്ഞു.
ബില്ലിന് രണ്ട് കരടുകള്‍ തയ്യാറാക്കുന്നതിന്റെ യുക്തിയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ബുധനാഴ്ച നടന്ന സംയുക്ത സമിതി യോഗം ഗവണ്‍മെന്റ് പക്ഷവും ഹസാരെ പക്ഷവും തമ്മില്‍ രൂക്ഷമായ ഭിന്നതയിലാണ് അവസാനിച്ചത്.
ഒടുവില്‍ ബില്ലിന്റെ ഒരു കരടും, വിയോജിപ്പുള്ള കാര്യങ്ങളില്‍ ഹസാരെ പക്ഷത്തിന്റെ കുറിപ്പും മന്ത്രിസഭയ്ക്ക് നല്‍കാമെന്നാണ് യോഗത്തില്‍ ഗവണ്‍മെന്റ് പക്ഷം നിര്‍ദ്ദേശിച്ചത്. അത് ഹസാരെ പക്ഷത്തിന് സ്വീകാര്യമായില്ല. അങ്ങനെയാണെങ്കില്‍ രണ്ട് കരടുകള്‍ സമര്‍പ്പിക്കാമെന്ന നിര്‍ദ്ദേശം ഇരുപക്ഷവും സ്വീകരിക്കുകയായിരുന്നു.












Click it and Unblock the Notifications