വീണ്ടും അച്ഛന്റെ ക്രൂരത; പത്താംക്ലാസുകാരി ഗര്‍ഭിണി
എറണാകുളം: സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച പറവൂര്‍ സ്ത്രീ പീഡനക്കേസിന് പിന്നാലെ കോതമംഗലത്തുനിന്നും മകള്‍ക്കു കാവലാളാകേണ്ട അച്ഛന്‍ പ്രധാന പ്രതിയായി പുതിയ ലൈംഗിക പീഡനക്കേസ്. അച്ചനുള്‍പ്പെടെ പലരാലും പീഡിപ്പിക്കപെട്ട പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വൈദ്യപരിശോധനയില്‍ സ്ഥിരീകരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവുള്‍പ്പെടെ മൂന്നുപേരാണ് പൊലീസ് പിടിയിലായിരിക്കുന്നത്. നെല്ലിക്കുഴി സ്വദേശി മുഹമ്മദലി(5), ഷാഹുല്‍(19), ബുര്‍ഹാന്‍(20) എന്നിവരാണ് പിടിയിലായത്. ഇവരെ മൂന്നുപേരെയും ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.
കൂലിപ്പണിയെടുക്കുന്ന മുഹമ്മദലിയ്ക്ക് രണ്ടാം വിവാഹത്തില്‍ പിറന്ന മൂത്ത കുട്ടിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി. പത്താം ക്‌ളാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ സഹപാഠിയായ വിദ്യാര്‍ഥിയടക്കം 12 പേര്‍ പീഡിപ്പിച്ചുവെന്നാണു കേസ്. പിതാവ് പണം വാങ്ങിയാണ് മറ്റുള്ളവര്‍ക്ക് മകളെ കാഴ്ചവച്ചത്.
കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. സുഭാഷിനു ലഭിച്ച രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെയും മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് പീഡനകഥ പുറത്തായത്.
പീഡന പരമ്പരകളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രതികള്‍ക്കു പെണ്‍കുട്ടിയെ കൈമാറിയത് പിതാവ് മുഹമ്മദാലി പ്രതിഫലം കൈപ്പറ്റിയാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. വാടകയ്‌ക്കെടുത്ത കാറുകളില്‍ പെണ്‍കുട്ടിയുമായി നാടുചുറ്റിയാണ് പ്രതികള്‍ പീഡനമേറെയും നടത്തിയതെന്നാണ് സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications