മധുവിധുവിനിടെ പ്രസവിച്ച യുവതി കുട്ടിയെ വിറ്റു
കാസര്‍ക്കോട്: വിവാഹംകഴിഞ്ഞ് ഇരുപത്തിയെട്ടാം നാള്‍ പ്രസവിച്ച യുവതി കുഞ്ഞിനെ 5,000 രൂപയ്ക്കു വിറ്റു. ഗര്‍ഭിണിയാണെന്നകാര്യം മറച്ചുവച്ച് വിവാഹം ചെയ്ത് വഞ്ചനാക്കേസില്‍ അകപ്പെട്ട കാസര്‍കോട് ബദിയടുക്ക സ്വദേശിനി പൂര്‍ണിമയാണു കുഞ്ഞിനെ വിറ്റത്.
വിവാഹത്തിന്റെ ഇരുപത്തിയെട്ടാം നാള്‍ കാസര്‍ക്കോട് ജനറല്‍ ആശുപത്രിയിലായിരുന്നു പൂര്‍ണിമയുടെ പ്രസവം. ഇതോടെ നീലേശ്വരം സ്വദേശിയായ ഭര്‍ത്താവ് പൂര്‍ണിമയ്ക്കും വീട്ടുകാര്‍ക്കുമെതിരേ പരാതി നല്‍കുകയായിരുന്നു.
പ്രസവശേഷം ആശുപത്രിയില്‍നിന്നു വീട്ടിലേക്കു പോയ പൂര്‍ണിമ കാമുകന്റെ സഹായത്തോടെ ഹോംനഴ്‌സായ ഇടനിലക്കാരി വഴിയാണ് കുഞ്ഞിനെ വിറ്റത്. കുട്ടികളില്ലാത്ത കാര്‍ത്യായനി എന്ന സ്ത്രീയാണ് 5,000 രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് പറയുന്നു.
കുട്ടികളില്ലാത്ത കാര്‍ത്യായനിയോടൊപ്പം സ്ഥിരമായി കുഞ്ഞിനെ കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ വീട്ടു വരാന്തയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിട്ടിയ കുട്ടിയാണെന്നാണ് ആദ്യം കാര്‍ത്യായനി പറഞ്ഞത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
അമ്പലത്തറ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു കൈമാറി. ഇവര്‍ കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞ് ഇപ്പോള്‍ നഴ്‌സുമാരുടെ പരിചരണത്തിലാണ്.












Click it and Unblock the Notifications