സൗമ്യ വധക്കേസ്: ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ

വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ വിധി പ്രഖ്യാപനം. തെറ്റ് ആവര്‍ത്തിക്കില്ലെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നുമായിരുന്നു ഗോവിന്ദച്ചാമിയുടെ അഭ്യര്‍ഥന. എന്നാല്‍ കോടതി ഇത് തള്ളുകയായിരുന്നു. ഐ.പി.സി 302 (കൊലപാതകം), 376 (ബലാത്സംഗം), 447 (ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ചുകയറല്‍), 394, 397 (പരിക്കേല്‍പ്പിച്ച് കവര്‍ച്ച) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഷൊര്‍ണൂര്‍ മഞ്ഞക്കാട് ഗണേശന്റെ മകള്‍ സൗമ്യ എറണാകുളത്തുനിന്നു പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്കു വരുന്ന വഴി വള്ളത്തോള്‍ നഗറില്‍ വച്ച് ആക്രമിക്കപ്പെട്ടത്. തീവണ്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞ സൗമ്യയെ ട്രാക്കില്‍ വച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിയ്‌ക്കെ ഫെബ്രുവരി ആറിനാണ് മരണത്തിന് കീഴടങ്ങിയത്. സൗമ്യ കൊല്ലപ്പെട്ട് ഒന്‍പത് മാസം പിന്നിടുമ്പോഴാണ് വിധി വരുന്നത്. കേസിലെ ഏകപ്രതിയായിരുന്നു ഗോവിന്ദച്ചാമി.
കൊലപാതകം, മാനഭംഗം, പിടിച്ചുപറി,മോഷണം, സ്ത്രീകളുടെ കംപാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിയ്‌ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. പൈശാചികവും സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചതും അപൂര്‍വങ്ങളില്‍ അപൂര്‍വവുമായ സംഭവമാകയാല്‍ പ്രതിക്ക് വധശിക്ഷതന്നെ നല്‍കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ കോടതിയില്‍ വാദിച്ചിരുന്നു. തമിഴ്‌നാട്ടില്‍ എട്ട് കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് ഇനിയൊരവസരത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചിരുന്നു.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും മുന്‍നിര്‍ത്തിയാണ് വിചാരണ നടന്നത്. ഏകപ്രതി മാത്രമുള്ള കേസില്‍ 82 സാക്ഷികളെ പ്രതിഭാഗം വിസ്തരിച്ചു. തെളിവിലേക്കായി 43 കൂട്ടം തൊണ്ടിമുതലുകളും 101 രേഖകളും സമര്‍പ്പിക്കപ്പെട്ടു.












Click it and Unblock the Notifications