കോഴിക്കോട്ട് കെഎസ്‌യുക്കാര്‍ തമ്മിലടിച്ചു
കോഴിക്കോട്: കെഎസ്‍യു മലബാര്‍ മേഖല സംഘടനാതിരഞ്ഞെടുപ്പിനിടെ കോഴിക്കോട് കെഎസ്‌യുക്കാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എ, ഐ വിഭാഗങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
പലതവണയുണ്ടായ സംഘര്‍ഷം നിയന്ത്രണം വിട്ടപ്പോള്‍ പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ കല്ലേറില്‍ മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു. അമൃത ടിവി ക്യാമറാമാന്‍ ബിജുവിനാണ് പരിക്കേറ്റത്.
പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ വടക്കന്‍ കേരളത്തിലെ ആറ് ജില്ലകളിലെ സംഘടനാ തെരഞ്ഞെടുപ്പാണ് കോഴിക്കോട് നടന്നത്. രാവിലെ പത്ത് മുതല്‍ മൂന്ന് മണി വരെയായിരുന്നു വോട്ടെടുപ്പ്. ജില്ലാ, സംസ്ഥാന ഭാരവാഹികളെയും ദേശീയ പ്രതിനിധികളെയുമായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നത്.
വയനാട്ടില്‍ നിന്നും വന്ന പ്രതിനിധികള്‍ തമ്മിലാണ് ആദ്യം വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ. സുധാകരനും അനുകൂലമായി മുദ്രാവാക്യം വിളികളും ഉയര്‍ന്നു. തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
ഇരുവിഭാഗങ്ങളും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ക്രമസമാധാനത്തിന് ആവശ്യത്തിന് പോലീസ് ഇല്ലാതിരുന്നതും പ്രശ്‌നം രൂക്ഷമാക്കി. സംഘര്‍ഷം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതുമില്ല. രാഹുല്‍ ഗാന്ധി നിയമിച്ച സംഘത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് . എന്നാല്‍ സംഘര്‍ഷം തടയാന്‍ അവര്‍ക്കും കഴിഞ്ഞില്ല.












Click it and Unblock the Notifications