ഐടി മന്ത്രിയ്ക്കും ട്വിറ്ററില്‍ നിന്ന് പണി കിട്ടി
ദില്ലി: അസം കലാപത്തെ തുടര്‍ന്ന് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ ഐടി മന്ത്രിയ്ക്കും വിനയായി. മന്ത്രി മിലിന്ദ് ദേവ്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വെള്ളിയാഴ്ച മുതല്‍ സൈറ്റ് മരവിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ പരിശോധനയ്ക്ക് വേണ്ടിയാണ് മന്ത്രിയുടെ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചതെന്ന് ട്വിറ്റര്‍ അറിയിക്കുന്നു. 24 മണിക്കൂറുകള്‍ക്ക് ശേഷം അക്കൗണ്ട് പൂര്‍വ്വസ്ഥിതിയിലാവുമെന്നും ഇവര്‍ ഉറപ്പു നല്‍കുന്നു. എന്നാല്‍ പരിശോധന നടത്തുമ്പോള്‍ അക്കൗണ്ട് മരവിപ്പിക്കേണ്ട ആവശ്യം വരുന്നില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇതിനോടകം ട്വിറ്റര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റേതടക്കം ആയിരക്കണക്കിന് അക്കൗണ്ടുകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും മരവിപ്പിച്ചിരുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
അക്കൗണ്ട് മരവിപ്പിച്ചതിന് ശേഷം @milinddeora എന്ന പേരിലുള്ള ഐഡി വ്യാജമല്ലെന്ന് ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ട് ട്വിറ്റര്‍ മന്ത്രിയ്ക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നു.
അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി ട്വിറ്റര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അക്കൗണ്ടും മരവിപ്പിച്ചത്.












Click it and Unblock the Notifications