സീരിയല്‍ നടിയുടെ കൊല സംശയരോഗം മൂലം?
മുക്കം: സീരിയല്‍ നടിയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തിയതിന് പിന്നില്‍ സംശയരോഗമെന്ന് സൂചന. സീരിയലുകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ ഭാര്യ തന്നില്‍ നിന്ന് അകലുകയാണെന്ന് തോന്നല്‍ മൂലമാണ് മുക്കത്തിനടുത്ത് പന്നിക്കോട് കാരാളിപ്പറമ്പ് കൂടത്തില്‍പറമ്പില്‍ വര്‍ഷ(22)യെ ഭര്‍ത്താവ് സജീവ്(26) കൊലപ്പെടുത്തിയതെന്നാണ് അറിയുന്നത്.
കൊലപാതകത്തിന് ശേഷം അറസ്റ്റിലായ സജീവ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം അറിയിച്ചത്. ഭാര്യയെ താന്‍ ഒരുപാട് സ്‌നേഹിച്ചിരുന്നു. എന്നാല്‍ അഭിനയം തുടങ്ങിയതോടെ ഭാര്യയ്ക്ക് തന്നോട് മതിപ്പില്ലാതായി. വര്‍ഷ തന്നില്‍ നിന്ന് അകന്നു പോകുന്നുവെന്ന് സജീവ് സംശയിച്ചിരുന്നു. ഇതെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കടിക്കാറുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. വിവാഹത്തിന് ശേഷം സജീവ് വര്‍ഷയെ തിരുവനന്തപുരത്ത് ബിഫാമിന് ചേര്‍ത്ത് പഠിപ്പിച്ചിരുന്നു. പഠനത്തിനിടയിലാണ് വര്‍ഷ സീരിയല്‍ അഭിനയം തുടങ്ങിയത്. ഇത് സജീവിന് ഇഷ്ടപ്പെട്ടില്ല. പഠനത്തില്‍ ശ്രദ്ധ ചെലുത്താന്‍ ഇയാള്‍ വര്‍ഷയോട് ആവശ്യപ്പെട്ടെങ്കിലും അഭിനയമോഹം തലയ്ക്കുപിടിച്ച വര്‍ഷ ഇതിന് തയ്യാറായില്ല. ഇതെ തുടര്‍ന്ന് ഇരുവരും അകലുകയും നാലുമാസം മുമ്പ് വര്‍ഷ ഓമശേരിക്കടുത്ത പൂളപ്പൊയിലില്‍ ക്വാര്‍ട്ടേഴ്‌സ് വാടകക്കെടുത്ത് താമസം തുടങ്ങുകയും ചെയ്തു.
ഒരു സീരിയലിലെ അഭിനയം കഴിഞ്ഞ് വര്‍ഷ താമസ സ്ഥലത്തെത്തിയെന്ന വിവരമറിഞ്ഞാണ് സജീവ് ഇവരുടെ താമസ സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഭാര്യയുമായി തര്‍ക്കമുണ്ടാവുകയും കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് യുവതിയെ കുത്തുകയുമായിരുന്നു. യുവതി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മകളെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് മാതാവ് ബേബിക്ക് പരിക്കേറ്റത്. ഇവര്‍ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം സജീവ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.












Click it and Unblock the Notifications