കോട്ടയം: സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. ഏറ്റവും വലിയ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റായ ഫേസ്‍ബുക്കില്‍ അക്കൗണ്ട് തുടങ്ങാനാണ് പിണറായിയുടെ തീരുമാനം. പാര്‍ട്ടി അനുഭാവികളുമായി നേരിട്ട് ഇടപെടാനും പാര്‍ട്ടിയ്‌ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കാനുമായാണ് പാര്‍ട്ടി സെക്രട്ടറി സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റിന്റെ സൗകര്യം പ്രയോജനപ്പെടുത്തുന്നത്. ഫേസ്‍ബുക്കില്‍ സജീവമായ മറ്റു പാര്‍ട്ടി നേതാക്കളുമായി പിണറായി ഇക്കാര്യം ചര്‍ച്ച ചെയ്ത് കഴിഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയ്ക്ക് വേണ്ടി ഫേസ്‍ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നതും നടത്തികൊണ്ടു പോകുന്നതും ഈ രംഗത്ത് കഴിവ് തെളിയിച്ച ടീം ആയിരിക്കും. പിണറായിയുടെ മാധ്യമകാര്യങ്ങളുടെ ചുമതലയുളള ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ക്കാണു ഫേസ് ബുക്ക് അക്കൗണ്ടിന്റേയും ചുമതല നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാര്‍ട്ടി നിലപാടുകള്‍ അപ്പപ്പോള്‍ തന്നെ 'പോസ്റ്റ്' രൂപത്തില്‍ പ്രത്യക്ഷപ്പെടും. ടീം അംഗങ്ങള്‍ക്ക് പുറമേ പിണറായിയും തന്റെ അക്കൗണ്ട് പതിവായി സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യും. ഒരു മാസത്തിനകം തന്നെ പിണറായി ഫേസ് ബുക്ക് അക്കൗണ്ട് തുറക്കുമെന്നാണ് അറിയുന്നത്.