ലീഗിന്റെ പിന്നോക്ക സ്‌നേഹത്തിന് പിന്നിലെന്താണ്?
മുസ്ലീം സമുദായത്തിന്റെ ഔദ്യോഗികവക്താക്കള്‍ എന്ന് മേനി നടിച്ചിരുന്ന മുസ്ലീം ലീഗിനിപ്പോള്‍ ദലിത്, പിന്നോക്ക വിഭാഗങ്ങളോട് സ്‌നേഹം പൊട്ടിമുളയ്ക്കാന്‍ കാരണമെന്താണ്?

മുസ്ലീം സമുദായത്തിനുള്ളിലെ ലീഗിന്റെ കുത്തകാവകാശം എന്നേ തകര്‍ന്നിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്ഡിപിഐയും പിന്നീട് കാന്തപുരത്തിന്റെ സുന്നിവിഭാഗവും ചിലപ്പോഴെല്ലാം ലീഗിനെതിരേ കയര്‍ക്കുന്ന ഇകെ സുന്നിവിഭാഗവും മുജാഹിദുകളിലെ വിഭിന്ന ഗ്രൂപ്പുകളുമൊക്കെ ചേര്‍ന്ന് മുസ്ലീം സമുദായത്തിലെ രാഷ്ട്രീയ നിലപാടുകള്‍ വീതംവെച്ചെടുത്തപ്പോള്‍ പിടുത്തം വിട്ടത് മുസ്ലീംലീഗിനു തന്നെയായിരുന്നു.
എസ്ഡിപിഐയും വെല്‍ഫയര്‍ പാര്‍ട്ടിയുമൊക്കെ രാഷ്ട്രീയമായി ലീഗിനെ ആക്രമിക്കുന്നതോടൊപ്പം പിന്നോക്ക ജനവിഭാഗങ്ങളെ കൂടി ഒപ്പംകൂട്ടികൊണ്ടാണ് പ്രവര്‍ത്തനമേഖല വിപുലമാക്കുന്നത്. സംവരണമടക്കമുള്ള വിഷയങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അനുഗുണമായ അവസ്ഥ ലഭിക്കണമെങ്കില്‍ ഇതര പിന്നോക്ക ജനതകളെ കൂടെ ഒപ്പം ചേര്‍ക്കണമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ടു തന്നെ പാര്‍ട്ടി രൂപീകരണ വേളകളില്‍, മുസ്ലീം-ഹൈന്ദവ പിന്നോക്ക ശാക്തീകരണത്തിന് അവന്‍ മുന്‍തൂക്കം നല്‍കുകയും ചെയ്തു.
ഈ വാദം ആദ്യമൊന്നും വേണ്ടത്ര ക്ലച്ച് പിടിച്ചില്ലെങ്കിലും ഇപ്പോഴത് ഗുണകരമായ ചലനങ്ങള്‍ക്ക് വഴിയിട്ടിരിക്കുന്നു. ചരടുകള്‍ മുസ്ലീംസംഘടനകളുടെ പിടിയിലാണെങ്കിലും എസ്ഡിപിഐയുടെയും വെല്‍ഫയര്‍പാര്‍ട്ടിയുടെയും നേതൃനിരയില്‍ ഹിന്ദുക്കള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി ഇതരമതസമൂഹങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും ഇവര്‍ക്ക് കഴിയുന്നുമുണ്ട്.
ഈയൊരു സാമൂഹ്യാവസ്ഥയും രാഷ്ട്രീയാന്തരീക്ഷമാണ് മുസ്ലീംലീഗിനെയും മാറ്റിചിന്തിപ്പിക്കുന്നതെന്നത് വ്യക്തം. ഹൈന്ദവ സമൂഹത്തിലെ അനാചാരങ്ങളെ കുറിച്ചും അതിനെതിരേ നേടിയ പോരാട്ട വിജയങ്ങളെ കുറിച്ചും ഇപ്പോള്‍ വാചാലരാകുന്ന ദലിത് ലീഗുകാര്‍ 'ജിന്നു വാഴ്ചയും വിശുദ്ധകേശവും' പോലുള്ള ആത്മീയ അന്ധവിശ്വാസങ്ങളില്‍ അഭിരമിച്ച് കഴിയുന്ന പല ഇസ്ലാമിക സംഘടനകളെയും വിശ്വാസി സമൂഹത്തെ അന്ധവിശ്വാസമതില്‍കെട്ടുകളില്‍ തളച്ചിടുന്ന മതനേതാക്കളെയും തള്ളിപ്പറയാനും തിരുത്താനും തന്റേടം കാണിക്കുമോ?












Click it and Unblock the Notifications