കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരത്തോട് സിപിഐ കൊമ്പുകോര്‍ക്കുന്നതെന്തിന്

  • By അഭിരാം പ്രദീപ്
Google Oneindia Malayalam News

Elamaram
മുന്‍ വ്യവസായവകുപ്പ് മന്ത്രി എളമരം കരീമിനെ കേന്ദ്രപ്രതിരോധവകുപ്പ് മന്ത്രി എകെ ആന്റണി ധാരാളം പുകഴ്ത്തിയത് ബ്രഹ്മോസിന്റെ സംഘാടനത്തില്‍ കാണിച്ച മികവിന്റെ പേരിലാണ്. എന്നാല്‍ അതേ ബ്രഹ്മോസിന്റെ പേരില്‍ തന്നെയാണ് എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐ എളമരത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്.

നഷ്ടത്തില്‍ പ്രവര്‍ത്തിച്ച കെല്‍ടെക് സംസ്ഥാനസര്‍ക്കാറിന്റെ തീരുമാനപ്രകാരമാണ് കേന്ദ്രം ഏറ്റെടുത്തതെന്നും ബ്രഹ്മോസ് കേന്ദ്രസര്‍ക്കാര്‍ കമ്പനിയാണെന്നുമാണ് കേന്ദ്രമന്ത്രി എകെ ആന്റണി പ്രതിരോധസേനയുടെ ചടങ്ങുകളില്‍ പ്രസംഗിച്ചത്. ഇത് തെറ്റാണെന്നാണ് സിപിഐ നിലപാട്.

കെല്‍ടെക് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന കമ്പനിയാണെന്നും ബ്രഹ്മോസ് ഇപ്പോള്‍ സ്വകാര്യ കമ്പനിയായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് എല്‍ഡിഎഫ് തീരുമാനപ്രകാരമല്ലെന്നും എളമരം കരീം ഇതിനെ കുറിച്ച് മറുപടി പറയണമെന്നുമാണ് സിപിഐ നേതാക്കള്‍ തുറന്നടിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ കമ്പനിയായ ബ്രഹ്മോസ് ഇപ്പോള്‍ സ്വകാര്യകമ്പനിയായി മാറിയതില്‍ ദുരൂഹത ഉണ്ടെന്നും അതിനു പിന്നിലെ അടിയൊഴുക്കുകള്‍ പുറത്തുകൊണ്ടു വരണമെന്നും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ നേതാവുമായ കാനം രാജേന്ദ്രന്‍ പരസ്യമായി ആവശ്യപ്പെട്ടുകഴിഞ്ഞു.

കേരളത്തിന്റെ വ്യാവസായിക വികസനത്തിന് ഏറെ സഹായങ്ങള്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ ആന്റണിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും കേരളമെന്ന സംസ്ഥാനം ഉണ്ടെന്നു തന്നെ കേന്ദ്രം അറിഞ്ഞത് ആന്റണി ദില്ലിയിലെത്തിയതിനുശേഷമാണെന്നും പുകഴ്ത്തിപറയാന്‍ സിപിഎം നേതാക്കള്‍ മത്സരിക്കുന്ന സമയത്താണ് ആന്റണിക്കെതിരേ ശക്തമായ ആരോപണങ്ങളുമായി സിപിഐ രംഗത്തെത്തിയിരിക്കുന്നത്. ഒപ്പം തന്നെ സിപിഎം നേതൃത്വത്തിനെതിരേ ആക്ഷേപമുന്നയിക്കാനും ഇവര്‍ ശ്രമിക്കുന്നു.

ബ്രഹ്മോസില്‍ വലിയ സാമ്പത്തിക ക്രമക്കേടുകള്‍ ലഭിക്കുന്നുണ്ടെന്നും അതെല്ലാം മുന്‍വ്യവസായ മന്ത്രിയായ എളമരം കരീമിന് അറിയാമെന്നും അതുമറച്ചുവെച്ചാണ് ആന്റണിയും എളമരവും പരസ്പരം പുകഴ്ത്തുന്നതെന്നാണ് സിപിഐയുടെ ആരോപണം. 51 ശതമാനം ഓഹരി പങ്കാളിത്തം ഇല്ലാത്തതിനാല്‍ ബ്രഹ്മോസില്‍ സിഎജി ഓഡിറ്റ് നടക്കുന്നില്ല.

50.5 ശതമാനം പങ്കാളിത്തം മാത്രം കാട്ടി കമ്പനിയുടെ കണക്കുകള്‍ പാര്‍ലമെന്റില്‍ നിന്നു മറച്ചുപിടിക്കുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബ്രഹ്മോസ് മൂന്നരക്കോടി നഷ്ടമാണുണ്ടാക്കിയതെന്നും സിപിഐ പറയുന്നു. മറ്റെല്ലാ പ്രതിരോധ സ്ഥാപനങ്ങളിലും തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബ്രഹ്മോസ് പാടില്ലായെന്ന വാദത്തിനു പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളത്.

കേന്ദ്രമന്ത്രിയുടെ ഗുഡ് ബുക്കില്‍ കേരളത്തിലെ ചില സിപിഎം നേതാക്കള്‍ ഇടംപിടിച്ചത് സിപിഐ നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. ദേശീയതലത്തില്‍ പുതിയ രാഷ്ട്രീയനീക്കുകപോക്കുകള്‍ക്ക് മണ്ണൊരുങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഎമ്മിനെതിരേ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ സിപിഐ പുറത്തെടുക്കുമെന്നത് ഉറപ്പാണ്. മുന്‍മന്ത്രി എളമരം കരീമിനെതിരേ ഈ വിധം ആരോപണങ്ങളുമായി സിപിഐ നേതൃത്വം ഇപ്പോള്‍ രംഗത്തുവന്നത് ഈ സമ്മര്‍ദ്ദ ലക്ഷ്യത്തോടെയാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു.

English summary
Brahmos Issue: CPI attack Elamaram Kareem and AK Antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X