കോടതിക്കുള്ളില്‍ 30കാരി ജീവനൊടുക്കാന്‍ ശ്രമിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ കൂട്ടമാനഭംഗത്തിന് ഇരയായ യുവതി കോടതിമുറിയില്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. 2007 ഏപ്രിലില്‍ ഏഴംഗ സംഘം കൂട്ടമാനഭംഗത്തിനു ഇരയാക്കിയ 30കാരിയായ യുവതിക്കു ഇതുവരെയും നീതി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ആത്മഹത്യാശ്രമം നടന്നത്.
കോടതി പലപ്പോഴും കേസ് നീട്ടിവയ്ക്കുകയാണെന്നും കോടതിയില്‍ അഭിഭാഷകരുടെ വ്യക്തിഹത്യ താങ്ങാനാവുന്നതല്ലെന്നും യുവതി പറഞ്ഞു. അമരാവദി സ്വദേശിയായ യുവതിയാണ് കോടതിയ്ക്കുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
കേസിന്റെ അടുത്ത വാദം മാര്‍ച്ചിലേക്ക് നീട്ടിയതായി മജിസ്‌ട്രേറ്റ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് യുവതി വിഷം കഴിച്ചതെന്ന് ഇവരുടെ അഭിഭാഷകന്‍ പറഞ്ഞു. ഇതു തടയാന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ച ശേഷമാണ് യുവതി വിഷം കഴിച്ചത്.
ഇതേത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇനിയും നീതി തേടി കോടതിയിലേയ്ക്കില്ലെന്നും ജീവിക്കാന്‍ ആഗ്രഹമില്ലെന്നും യുവതി പറഞ്ഞു. അനന്തമായി കേസ് നീളുന്നതേത്തുടര്‍ന്ന് യുവതി കോടതിയില്‍ എത്തിയപ്പോള്‍ വിഷക്കുപ്പിയും കരുതിയിരുന്നതായി പോലീസ് പറഞ്ഞു.
അഹമ്മദാബാദിലെ ഒരു ഗാര്‍മെന്റ് ഫാക്ടറിയിലെ ജീവനക്കാരിയായ യുവതിയെ ഫാക്ടറിയുടമയും കൂട്ടാളികളും ചേര്‍ന്നാണ് പീഡിപ്പിച്ചത്. സഹപ്രവര്‍ത്തകരായ മൂന്ന് സ്ത്രീകളും പീഡനത്തിന് ഒത്താശ ചെയ്തതായി യുവതിയുടെ പരാതിയിലുണ്ട്.












Click it and Unblock the Notifications