കവി ഡി വിനയചന്ദ്രന്‍ അന്തരിച്ചു

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില മോശമായതിനാല്‍ ഇതിനു കഴിയാതെ വരികയായിരുന്നു. അവിവാഹിതനായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. തീരപ്രദേശമായ കൊല്ലത്തിന്റെ സൗന്ദര്യമായിരുന്നു വിനയചന്ദ്രന്റെ കവിതയില്‍ നിറഞ്ഞുനിന്നിരുന്നത്. അഷ്ടമുടിക്കായലും മറ്റും അദ്ദേഹത്തിന്റെ കവിതകളില്‍ പുതിയ സൗന്ദര്യശാസ്ത്രം കണ്‌ടെത്തി.
1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ പല്ലടയിലായിരുന്നു വിനയചന്ദ്രന്റെ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദവും മലയാള സാഹിത്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ല്‍ എം.ജി. യൂനിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അദ്ധ്യാപകനുമായിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം മുഴുവന്‍സമയ സാഹിത്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.
'നരകം ഒരു പ്രേമകഥയെഴുതുന്നു' എന്ന കൃതിക്ക് 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2006 ല്‍ ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കായിക്കരയിലെ കട, ദിശാസൂചി, സമസ്തകേരളം പി.ഒ (കവിതാസമാഹാരം), ലോകകവിതകളുടെ പരിഭാഷയായി പുറത്തിറക്കിയ ജലം കൊണ്ട് മുറിവേറ്റവള്‍ തുടങ്ങിയവയാണ് പ്രധാനകൃതികള്‍.












Click it and Unblock the Notifications