ടി പി വധം: സാക്ഷിവിസ്താരം തിങ്കളാഴ്ച ആരംഭിക്കും

ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 284 സാക്ഷികളുടെ വിസ്താരമാണ് ആദ്യഘട്ടത്തില്‍ നടക്കുക.. ഇതില്‍ 280 സാക്ഷികള്‍ക്ക് സമന്‍സ് അയച്ചുകഴിഞ്ഞു. ബാക്കിയുള്ള നാലുസാക്ഷികള്‍ അന്വേഷണസംഘത്തിലെ ഡി വൈ എസ് പിമാരായ കെ വി സന്തോഷ്, ജോസി ചെറിയാന്‍, എ പി ഷൗക്കത്തലി, ബെന്നി എന്നിവരാണ്. ഇവരെ പിന്നീട് വിസ്തരിക്കും.
ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കുക. വടകര നാദാപുരം റോഡില്‍ വള്ളിക്കാട് 2012 മെയ് നാലിന് രാത്രി വെട്ടേറ്റ് റോഡില്‍ കിടന്ന കിടന്ന ചന്ദ്രശേഖരനെ ആശുപത്രിയില്‍ എത്തിച്ച വടകര എസ് ഐ പി എം മനോജാണ് ഒന്നാം സാക്ഷി. ദൃക്‌സാക്ഷികളായ കെ കെ പ്രസീത്, ടി പി മനീഷ്‌കുമാര്‍, ടി പി രമേശന്‍ എന്നിവരെ തുടര്‍ന്നുള്ള ദിവസങ്ങളിലും ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ, മകന്‍ അഭിനന്ദ്, ഭാര്യാപിതാവ് കെ കെ മാധവന്‍ എന്നിവരെ ഈ മാസം 14നും വിസ്തരിക്കും.
കേസില്‍ പ്രതിചേര്‍ത്ത 72 പേര്‍ക്കുമെതിരായ കുറ്റങ്ങള്‍ ഡിസംബര്‍ 20ന് കോടതി വായിച്ചു കേള്‍പ്പിച്ചിരുന്നു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രതികളായ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, കെ കെ മുഹമ്മദ് ഷാഫി, സിജിത്ത് എന്ന അണ്ണന്‍, കെ ഷിനോജ് എന്നിവര്‍ക്കെതിരെയാണ് കൊലപാതകക്കുറ്റം ചുമത്തിയിട്ടുള്ളത്. കൂടാതെ ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, ആയുധവുമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ പ്രയോഗിക്കല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരായ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
എട്ട് മുതല്‍ പതിന്നാല് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചനാ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസിലെ 26-ാം പ്രതി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെതിരെ അറിഞ്ഞുകൊണ്ട് കൊലപാതകം മറച്ചുവെച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം മോഹനന്‍ മാസ്റ്റര്‍, എന്‍ ജി ഒ യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി സി എച്ച് അശോകന്‍ തുടങ്ങിയവര്‍ കേസിലെ പ്രമുഖ പ്രതികളാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ സി കെ ശ്രീധരന്‍, പി കുമാരന്‍ കുട്ടി എന്നിവര്‍ ഹാജരാകും. വിസ്താരം നടക്കുന്നതിനാല്‍ കനത്ത സുരക്ഷാസംവിധാനങ്ങള്‍ കോടതിയിലും പരിസരത്തും ഒരുക്കുന്നത്.












Click it and Unblock the Notifications