കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിയുണ്ടകള്‍ നിശ്ശബ്ദയാക്കാത്ത പെണ്‍കുട്ടി

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് താലിബാന്‍കാര്‍ തലക്ക് നിറയൊഴിച്ചെങ്കിലും നിശ്ശബ്ദയാകാത്തവള്‍. മലാല യൂസഫ്‌സായ്. ലോകം നിനക്ക് മുന്നില്‍ തലകുനിക്കുന്നു.

2013 ജൂലായ് 12 ലോകം മലാല ദിനം ആചരിച്ചു. ജീവിച്ചിരിക്കെ ഒരു പതിനാറ് കാരിക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകീരം. പക്ഷേ തന്റെ ജീവന്റെ വില കൊടുത്താണ് മലാല ഇത് നേടിയെടുത്തത് എന്ന് മാത്രം.

Malala

''തോക്കല്ല, പുസ്തകങ്ങളും പേനകളും ആണ് ശക്തമായ ആയുധങ്ങള്‍.' ഐക്യരാഷ്ട്രസഭയുടെ യൂത്ത് അസംബ്ലിയില്‍ മലാലയുടെ വാക്കുകള്‍ ലോകരാജ്യങ്ങളില്‍ നിന്നെത്തിയ ആയിരത്തിലധികം വിദ്യാര്‍ത്ഥികളുടെ കാതുകളില്‍ മുഴങ്ങി. അത് ലോകമെങ്ങും പ്രതിധ്വനിച്ചു.

"പുസ്തകങ്ങളും പേനകളും കയ്യിലെടുക്കാം. ഒരു വിദ്യാര്‍ത്ഥിക്ക്, ഒരു അധ്യാപകന് , പേനക്ക്, പുസ്തകത്തിന്, അക്ഷരങ്ങള്‍ക്ക് ലോകത്തെ മാറ്റി മറിക്കാനാകും"- മലാല പറഞ്ഞു. വെടിയുണ്ടകള്‍ തകര്‍ത്ത തലയോട്ടിയുടെ പകുതി ലോഹത്തകിടില്‍ തീര്‍ത്തതാണിവള്‍ക്ക്. പിങ്ക് സ്‌കാര്‍ഫണിഞ്ഞ് ,ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും തുളുമ്പുന്ന മുഖവുമായി അവള്‍ ലോകത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം മലാലയുടെ ആദ്യത്തെ പൊതു വേദിയായിരുന്നു ഐക്യരാഷ്ട്ര സഭയിലെ യൂത്ത് അസംബ്ളി.

അനീതിയുടേയും അക്രമത്തിന്റെയും ലോകത്ത് തനിക്ക് പ്രചോദനം ഗാന്ധിജിയും അദ്ദേഹത്തിന്റെ അഹിംസാ മാര്‍ഗവുമാണെന്ന് മലാല തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അഹിംസയില്‍ ഊന്നിയാല്‍ മാത്രമേ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകൂ. ഗാന്ധിജിക്കൊപ്പം ബാദ്ഷാ ഖാനും മദര്‍ തെരേസയും ആണ് മലാലയുടെ വഴികാട്ടികള്‍.
വെടിയുണ്ടകള്‍ കൊണ്ട് തങ്ങളെ നിശ്ശബ്ദരാക്കാമെന്നാണ് താലിബാന്‍ കരുതിയത്. പക്ഷേ അവര്‍ തോറ്റു. എന്റെ ജീവിതത്തിലെ ദുര്‍ബ്ബലതയും പേടിയും നിരാശയും മാത്രമേ ആ വെടിയുണ്ടകള്‍ കൊണ്ട് മരിച്ചുള്ളു. പക്ഷേ ധൈര്യവും ശക്തിയും ആത്മവിശ്വാസവും ജനിക്കുകയും ചെയ്തു- മലാല പറഞ്ഞു.

പാകിസ്താനില്‍ മാത്രം അമ്പത് ലക്ഷത്തോളം കുട്ടികള്‍ക്കാണ് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്. നൈജീരിയയില്‍ ഇത് ഒരു കോടിയോളം വരും. ഇതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്നതാണ് വസ്തുത. എന്നാല്‍ മലാലക്ക് നേരെ താലിബാന്‍ വെടിയുതിര്‍ത്തതോടെ പാകിസ്താനില്‍ സ്ഥിതി മാറിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മലാലയുടെ സ്വദേശമായ സ്വാത് താഴ് വരയില്‍ 20000 ഓളം കുട്ടികള്‍ പുതിയതായി സ്‌കൂളുകളിലെത്തിയിട്ടുണ്ട്.
മലാല ദിനത്തില്‍ ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട റിപ്പോര്‍ട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്. ലോകത്താകമാനം 5.7 കോടി പേര്‍ ഒരു തരത്തിലുമുള്ള വിദ്യാഭ്യാസവും ലഭിക്കാത്തവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് നൈജീരിയയിലെ മുസ്ലീം തീവ്രവാദ സംഘടനയായ ബോക്കാ ഹറാം ഒരു സ്‌കള്‍ ആക്രമിച്ച് വിദ്യാര്‍ത്ഥികളുള്‍പ്പെടെ 14 പേരെ ചുട്ടെരിച്ചത്. പാശ്ചത്യ വിദ്യാഭ്യാസം പാപപൂര്‍ണമാണെന്നാണ് ബോക്കോ ഹറാം പ്രചരിപ്പിക്കുന്നത്.

മലാല ദിനത്തിലൂടെ അവളുടെ തിരിച്ചു വരവും പിറന്നാളും മാത്രമല്ല ആഘോഷിക്കപ്പെടുന്നതെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ പറഞ്ഞു. മലാലയുടെ ദര്‍ശനങ്ങളാണ് ശരിക്കും ആഘോഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും ധീരയായ പെണ്‍കുട്ടി എന്നാണ് മലാലയെ ഗോര്‍ഡന്‍ ബ്രൗണ്‍ വിശേഷിപ്പിച്ചത്.

സ്‌കൂളില്‍ പോകാനാകാത്ത കോടിക്കണക്കിന് കുട്ടികളുടെ പഠനത്തിന് ലോകരാഷ്ടരങ്ങള്‍ സഹായവുമായിറങ്ങണം എന്നാവശ്യപ്പെടുന്ന ഭീമ ഹര്‍ജി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് മലാല കൈമാറി.

English summary
Malala Yousafzai, who was shot by Taliban for advocating education for girls in Pakistan, said that she is inspired by Mahatama Gandhi's path of non-violence at Youth Assembly at UN headquarters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X