ആലപ്പുഴ കുടിവെള്ള പദ്ധതി; പൊട്ടിയിരുന്ന ഭാഗത്തെ പൈപ്പ് മാറ്റി, ഇനി മുതല്‍ മുടക്കമില്ലാതെ ശുദ്ധജലം
ആലപ്പുഴ: നഗരത്തിലുള്‍പ്പെടെ കുടിവെള്ളം എത്തിക്കുന്നതിനായി സ്ഥാപിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിരന്തരം പൊട്ടിക്കൊണ്ടിരുന്ന പൈപ്പുകള്‍ മാറ്റി ഗുണനിലവാരമുള്ള പുതിയ പൈപ്പുകള്‍ സ്ഥാപിച്ചതോടെ ഇനി മുതല്‍ മുടക്കമില്ലാതെ നഗരത്തില്‍ ശുദ്ധജലം ഉറപ്പാക്കാനാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2017 ല്‍ കമ്മീഷന്‍ ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ പൈപ്പുകള്‍ 76 തവണയാണ് പൊട്ടിയത്. 1200 മീറ്റര്‍ ദൂരത്തിലുള്ള പൈപ്പാണ് തുടര്‍ച്ചയായി പൊട്ടിയിരുന്നത് .ഈ സ്ഥലത്തെ മുഴുവന്‍ പൈപ്പും മാറ്റി ഗുണനിലവാരമുള്ളവ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കൃത്യമായി തുടര്‍ നിരീക്ഷണം നടത്താന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

പൈപ്പ് ലൈനില്‍ കേടുപാടുകള്‍ ഉണ്ടാകാനുള്ള സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ഉടന്‍ പരിഹാരം കാണുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും മന്ത്രി നിര്‍ദേശിച്ചു. കുട്ടനാട് മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 289 കോടി രൂപയില്‍ നിന്നും 387 കോടി രൂപയായും ആലപ്പുഴ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 299.81 കോടി രൂപയായും ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി 434 കോടി രൂപയായും ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കും .ഇതിനായി കിഫ്ബിയുമായി അടിയന്തര ചര്‍ച്ച നടത്തും.149 കോടി രൂപ ചെലവഴിച്ച് നടത്തുന്ന അമൃത് പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള അഞ്ചു ശതമാനം പ്രവൃത്തി സമബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടാം ഘട്ട പ്രവര്‍ത്തങ്ങള്‍ക്ക് 40.86 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ 22,000 പുതിയ വാട്ടര്‍ കണക്ഷനുകള്‍ നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.എല്‍.എ.മാരായ എച്ച്. സലാം, പി.പി. ചിത്തരഞ്ജന്‍, നഗരസഭാധ്യക്ഷ സൗമ്യ രാജ്, വാട്ടര്‍ അതോറിറ്റി സൂപ്രണ്ട് എന്‍ജിനീയര്‍ (ഇന്‍ ചാര്‍ജ്) എബ്രഹാം വര്‍ഗീസ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗിരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നൂര്‍ജഹാന്‍, പി.എച്ച്. സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ഡി.വി ജോഷില, പ്രോജക്ട് മാനേജര്‍ ജയകുമാര്‍, കിഫ്ബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications