ഇനി വീഴ്ച സംഭവിക്കരുത്... വമ്പന്‍ പദ്ധതിയുമായി അനില്‍ അംബാനി, ലക്ഷ്യം 17000 കോടി!
ബിസിനസ് ലോകത്ത് തനിക്ക് നഷ്ടപ്പെട്ട ഓരോന്നും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് അനില്‍ അംബാനി. കഴിഞ്ഞ ഒന്നര മാസമായി ഇതിന് അനുകൂലമായ കാര്യങ്ങളാണ് അനില്‍ അംബാനിക്കും അദ്ദേഹത്തിന്റെ ബിസിനസിനും വന്ന് ചേരുന്നത്. അനിലിന്റെ ഉടമസ്ഥതയിലുള്ള രണ്ട് പ്രധാന കമ്പനികളായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, റിലയന്‍സ് പവര്‍ ലിമിറ്റഡ് എന്നിവ ഓഹരി വിപണിയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ഈ അനുകൂല സാഹചര്യം മുതലാക്കാനുള്ള ശ്രമമാണ് അനില്‍ അംബാനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തന്റെ മുന്‍നിര കമ്പനികളായ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് പവര്‍ എന്നിവയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കുന്നതിന് 17,600 കോടി രൂപ സമാഹരിക്കാനാണ് അനിലിന്റെ നീക്കം എന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ വലിയ പ്രതിഫലനമുണ്ടാക്കുന്നതായിരിക്കും ഈ നീക്കം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള പ്രശസ്ത ആഗോള നിക്ഷേപ ഫണ്ടായ വാര്‍ഡെ പാര്‍ട്‌ണേഴ്‌സില്‍ നിന്ന് ഇക്വിറ്റി-ലിങ്ക്ഡ് ഫോറിന്‍ കറന്‍സി കണ്‍വെര്‍ട്ടബിള്‍ ബോണ്ടുകള്‍ വഴി 7100 കോടി രൂപ സമാഹരിച്ചിരുന്നു. പത്ത് വര്‍ഷത്തേക്ക് അഞ്ച് ശതമാനം പലിശ നിരക്കില്‍ ലഭ്യമാകുന്ന ഈ തുക അദ്ദേഹത്തിന്റെ കമ്പനികള്‍ക്ക് ശക്തമായ സാമ്പത്തിക അടിത്തറ നല്‍കും.
ഇതിനുപുറമെ, റിലയന്‍സ് പവറും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്മെന്റ് വഴി 6,000 കോടി രൂപ കൂടി സമാഹരിക്കാന്‍ പദ്ധതിയിടുന്നുണ്ട് എന്നാണ് വിവരം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 4500 കോടി രൂപ സമാഹരിക്കുന്നതിന് രണ്ട് കമ്പനികളും നീക്കം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ആകെ മൊത്തം 17,600 കോടി രൂപ സമാഹരിക്കാനാണ് റിലയന്‍സ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ഒക്ടോബര്‍ അവസാനത്തോടെ ഇത് പ്രാവര്‍ത്തികമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സമാഹരിക്കുന്ന 17,600 കോടി രൂപയ്ക്ക് അനുകൂലമായ കടം-ഇക്വിറ്റി അനുപാതം 70:30 ആയിരിക്കും. ഈ അനുപാതം റിലയന്‍സ് പവറിനും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനും അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ 50,000 കോടി രൂപ വരെ നിക്ഷേപം ആകര്‍ഷിക്കാന്‍ അനുവദിക്കുമെന്നാണ് വിലയിരുത്തല്‍.
അതുവഴി ഈ കമ്പനികളുടെ വിപണി മൂലധനം 25000 കോടി രൂപയായി ഉയരുകയും ചെയ്യും. അതേസമയം റിലയന്‍സ് പവറിന്റെ ഓഹരി വിലകളില്‍ കഴിഞ്ഞ ആഴ്ച നേരിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. തുടര്‍ച്ചയായി 11 ദിവസങ്ങളില്‍ 5% വര്‍ധനവുണ്ടായ ഓഹരി വിലകളില്‍ വെള്ളിയാഴ്ച അത്രയും ശതമാനം ഇടിവുണ്ടായി. എങ്കിലും റിലയന്‍സ് പവര്‍ ഈ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് 170% റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറും ഈ വര്‍ഷം അതിന്റെ നിക്ഷേപകര്‍ക്ക് ഏകദേശം 128% റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.
(മുകളില്‍ പറഞ്ഞിരിക്കുന്നത് ഒരു നിക്ഷേപ നിര്‍ദ്ദേശമല്ല. ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയുള്ള കാര്യങ്ങള്‍ മാത്രമാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ-നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന വസ്തുത എപ്പോഴും ഓര്‍ക്കുക. അതിനാല്‍ തന്നെ ഇത്തരം നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം)












Click it and Unblock the Notifications