സ്വർണത്തിൽ ഇന്ത്യക്ക് വൻ അമളി പറ്റി: ചില്ലറയല്ല, 42900 കോടിയുടെ പണി, യുഎഇയിൽ നിന്ന് വന്നതിലും
ഇന്ത്യയിൽ നവംബർ മാസത്തിലെ സ്വർണ ഇറക്കുമതിയുമായി ബന്ധപ്പെട്ട കണക്കുകളിലെ ആശയകുഴപ്പം നീക്കി കേന്ദ്ര സർക്കാർ. അടുത്തിടെ പുറത്തുവിട്ട കണക്കുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെ കഴിഞ്ഞ ദിവസം കേന്ദ്രം അത് പരിഷ്‌കരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി വാണിജ്യ മന്ത്രാലയം തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനാണ് വിരാമമായിരിക്കുന്നത്.
പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്ന് ഇന്ത്യൻ കസ്‌റ്റംസ് ഇലക്‌ട്രോണിക് ഗേറ്റ്‌വേയിലേക്ക് കണക്കുകൾ കൈമാറുന്ന ഡാറ്റാ ട്രാൻസ്‌മിഷൻ സംവിധാനത്തിന്റെ മാറ്റം മൂലമാണ് കണക്കുകളിലെ പൊരുത്തക്കേട് പ്രധാനമായും ഉണ്ടായതെന്ന വിശദീകരണമാണ് വാണിജ്യ മന്ത്രാലയം മന്ത്രാലയം അറിയിച്ചത്. ഇതിന് മുന്നോടിയായി പുതുക്കിയ കണക്കുകളും കേന്ദ്ര സർക്കാർ പുറത്തുവിട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള വിഭാഗമായ ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്‌സ്യല്‍ ഇന്റലിജന്റ്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സാണ് നവംബറിലെ സ്വര്‍ണ ഇറക്കുമതിയിൽ തെറ്റ് പറ്റിയതായി സമ്മതിച്ചത്. 2024 നവംബറിലെ ഇന്ത്യയുടെ സ്വർണ ഇറക്കുമതി 14.8 ബില്യൺ ഡോളറിൽ നിന്ന് 9.9 ബില്യൺ ഡോളറായി പരിഷ്‌കരിച്ചു കൊണ്ടാണ് അവർ പുതിയ കണക്കുകൾ പങ്കുവച്ചത്. ആകെ 33 ശതമാനത്തിന്റെ മാറ്റമാണ് ഇതിലുണ്ടായത്.
ഇതോടെ വ്യാപാര കമ്മിയിലും കുറവുണ്ടായിട്ടുണ്ട്. 37.8 കോടി ഡോളറായിരുന്നു (3.24 ലക്ഷം കോടി രൂപ) ആദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള വ്യാപാരകമ്മി. എന്നാൽ ഇതിപ്പോൾ 32.8 ഡോളറായാണ് (2.81 ലക്ഷം കോടി രൂപ) മാറിയിരിക്കുന്നത്. ഏകദേശം 49,000 കോടി രൂപയുടെ കുറവാണു ഇതിൽ ഉണ്ടായിരിക്കുന്നത്. ഇറക്കുമതി കണക്കിലുണ്ടായ പിഴവാണ് വ്യാപാര കമ്മിയേയും ബാധിച്ചത്.
സ്വര്‍ണ ഇറക്കുമതിയില്‍ 331 ശതമാനത്തിന്റെ റെക്കോഡ് വര്‍ധനയാണ് നവംബറിലെ കണക്കുകളിൽ കാണിച്ചത്. ഇതാണ് സംശയത്തിന് ഇടയാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അബദ്ധം പിണഞ്ഞ കാര്യം മനസിലായത്. നിലവിൽ ഇതുവരെ കണക്കുകൾ റിപ്പോർട്ട് ചെയ്യുന്ന രീതിയുടെ മാറ്റം പൂർണമായും നടപ്പായിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
സ്വർണത്തിന് സമാനമായി വെള്ളിയുടെ ഇറക്കുമതിയിലും ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ ഇറക്കുമതി കണക്കുകളിലും മന്ത്രാലയം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എങ്കിലും സ്വർണത്തിൽ വന്നത് പോലെയുള്ള വലിയ മാറ്റം ഇവയിൽ ഉണ്ടായിട്ടില്ല. വെള്ളിയുടെ ഇറക്കുമതി 29 കുറഞ്ഞ നിലയിലാണ് പുതിയ കണക്ക് എങ്കിൽ ഇലക്ട്രോണിക്‌സ് ഇറക്കുമതിയിൽ നാല് ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രധാനമായും സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ, പെറു എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്‌ത് വരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒരു രാജ്യം കൂടിയാണ് ഇന്ത്യ. ഇന്ത്യയുമായി ശക്തമായ വ്യാപാരബന്ധം പുലർത്തുന്ന രാജ്യമായ യുഎഇയിൽ നിന്നടക്കം എത്തിയ സ്വർണത്തിന്റെ കണക്കുകളിലാണ് തെറ്റ് പറ്റിയത്.












Click it and Unblock the Notifications