വേനൽക്കാലത്തെ പകർച്ചാ വ്യാധികളിൽ മുന്നറിയിപ്പുമായി ജില്ലാ കളക്ടർ: മഞ്ഞപ്പിത്തവും ഷിഗെല്ലയും
കൊച്ചി: വേനൽ കനക്കുമ്പോൾ ജലജന്യരോഗങ്ങൾ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങളിൽ മുന്നറിയിപ്പുമായി ജില്ലാ കളക്ടർ. മഞ്ഞപ്പിത്തം ടൈഫോയിഡ് എന്നിവ പടർന്ന് പിടിക്കാൻ സാദ്ധ്യതയേറയായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ വർഷം ഇതേ വരെ ജില്ലയിൽ 6887 പേർക്ക് വയറിളക്കരോഗങ്ങളും, 11 സ്ഥിരീകരിച്ച മഞ്ഞപ്പിത്ത കേസുകളും സംശയിക്കുന്ന 9 കേസുകളും, റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്ഥിരീകരിച്ച 5 ഷിഗല്ല കേസുകളും , ഷിഗല്ലയാണെന്ന് സംശയിക്കുന്ന അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ14 ടൈഫോയ്ഡ് കേസുകളും, റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
തൃക്കാക്കര (92 ), ചെല്ലാനം (26 ), അയ്യമ്പുഴ (26 ), കൊച്ചി (82 ) എന്നിവിടങ്ങളിലാണ് വയറിളക്ക രോഗങ്ങളുടെ ഔട്ട്ബ്രേക്ക് ഉണ്ടായ പ്രദേശങ്ങൾ. , മഞ്ഞപിത്തരോഗബാധ (ഹെപ്പറ്റൈറ്റിസ് എ) ഒക്കലിലും , വാഴക്കുളം , കറുകുറ്റി, കാലടി, മരട് എന്നിവിടങ്ങളിൽ ഷിഗെല്ലയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലിനമാക്കപ്പെട്ട കുടിവെള്ളത്തിന്റെ ഉപയോഗവും, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും , ശീതളപാനീയങ്ങളുടെയും ഉപയോഗവും, ശുചിത്വക്കുറവുമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ പ്രധാന കാരണങ്ങളായി കണ്ടെത്തിയത്. കല്യാണങ്ങൾക്കും, മറ്റ് ചടങ്ങുകൾക്കും നൽകുന്ന വെൽക്കം ഡ്രിങ്കുകൾ, തിളച്ച വെള്ളത്തോടൊപ്പം, പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്ന പ്രവണതയും ഔട്ട് ബ്രക്കുകൾക്ക് കാരണമാകുന്നുണ്ട്.

പാനീയ ചികിത്സ പ്രധാനം
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും, ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം സംഭവിച്ച് മരണകാരണമായേക്കാം. വയറിളക്കരോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പാനീയ ചികിത്സ ഉടൻ തന്നെ തുടങ്ങണം. ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കട്ടി കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയ്യാറാക്കിയ ഉപ്പും, പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസ്സ് എന്ന കണക്കിൽ ഒരു സ്പൂൺ പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത പാനീയവും നൽകാം. കുട്ടികൾക്ക് അര മണിക്കൂർ ഇടവിട്ടും, മുതിർന്നവർക്ക് ഓരോ ഗ്ലാസ്സ് വീതവും നൽകണം. ഇത് കൂടാതെ ഓരോ പ്രാവശ്യവും വയറിളകുമ്പോൾ അധികമായി പാനീയം നൽകണം. ഛർദ്ദിയും കൂടി ഉണ്ടെങ്കിൽ കുറേശ്ശെ വീതം പാനീയം കൂടെ കൂടെ നൽകണം.
രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടാം
മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും,, ഛർദ്ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം, മയക്കം, കുഞ്ഞിൻ്റെ തലയിലെ പതിപ്പ് കുഴിഞ്ഞിരിക്കുക, അപസ്മാരം എന്നിവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുന്നതോടൊപ്പം തന്നെ അടിയന്തിര വൈദ്യസഹായം തേടണം ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി, ദേഹ വേദന ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് ടൈഫോയ്ഡിൻ്റെ സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങൾ.ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.
പ്രതിരോധമാർഗങ്ങൾ
ചടങ്ങുകൾക്കും മറ്റും വെൽക്കം ഡ്രിങ്ക് ഒഴിവാക്കുകയാണ് ഉചിതം. അഥവാ തയ്യാറാക്കുകയാണെങ്കിൽ ശുദ്ധമായ വെള്ളവും, ഐസും ഉപയോഗിച്ചാണെന്നും ഉറപ്പുവരുത്തണം. പച്ച വെള്ളം കുടിക്കുവാൻ ഉപയോഗിക്കരുത്. നന്നായി തിളപ്പിച്ച വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക. യാതൊരു കാരണവശാലും തിളച്ച വെള്ളത്തിൽ പച്ച വെള്ളം മിക്സ് ചെയ്യരുതെന്നും നിർദേശമുണ്ട്.
പുറമേ നിന്നുള്ള ഭക്ഷണവും, ശീതളപാനീയങ്ങളും കഴിവതും ഒഴിവാക്കുക. പുറത്തു പോകുമ്പോൾ കയ്യിൽ കുടിവെള്ളം കരുതുക.കിണർ വെള്ളം പതിവായി ക്ലോറിനേറ്റ് ചെയ്യുക. ആഹാരസാധനങ്ങൾ ചൂടോടെ പാകം ചെയ്ത് കഴിക്കുക
പഴകിയ ഭക്ഷണം കഴിക്കരുത്. ഈച്ച കടക്കാതെ ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുക. ആഹാരത്തിന് മുൻപും, ശുചിമുറി ഉപയോഗിച്ചതിന് ശേഷവും, രോഗീപരിചരണത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കൈകഴുകാനും ജില്ലാ കളക്ടർ നിർദേശിക്കുന്നു.












Click it and Unblock the Notifications