ശുചീകരണം അതിവേഗം മുന്നോട്ട്: 42 ടണ്‍ മാലിന്യം നീക്കം ചെയ്തു
കൊച്ചി: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ചു. അങ്കമാലി നഗരസഭ, ചെങ്ങമനാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നായി 42 ടണ്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ശേഖരിച്ച മാലിന്യങ്ങള്‍ പുന:ചംക്രമണത്തിന് വിധേയമാക്കുന്നതിനായി ക്ലീന്‍ കേരള, ജി.ജെ എക്കോ പവര്‍ എന്നീ കമ്പനികളിലേക്ക് മാറ്റി. ജില്ലയില്‍ സ്വന്തമായി മാലിന്യ സംഭരണ സംവിധാനമുള്ള പഞ്ചായത്തുകള്‍ അതാത് സ്ഥലങ്ങളില്‍ തന്നെ മാലിന്യശേഖരണം നടത്തുന്നുണ്ട്.
വിവിധ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നു
കൂടാതെ ജൈവ മാലിന്യങ്ങള്‍ അതതു പ്രദേശത്ത് വേഗത്തില്‍ സംസ്കരിക്കുന്നതിനും ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിനുമായി സാനിട്രീസ്, ബയോകുലം എന്നിവ 2.4 ടണ്ണോളം എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്തിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്ന് ഉപയോഗശൂന്യമായ കിടക്കകള്‍, വസ്ത്രങ്ങള്‍, തലയിണകള്‍, മറ്റു വീട്ടുപകരണങ്ങള്‍ എന്നിവയാണ് മാലിന്യ ശേഖരണത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. കൂടാതെ പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, റബര്‍ വസ്തുക്കള്‍, ഇരുമ്പ്, കാര്‍ഡ് ബോര്‍ഡുകള്‍ തുടങ്ങിയവയെല്ലാം തരംതിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്യുന്നത്. ഇവ ക്ലീന്‍ കേരള, ജി ജെ എക്കോ പവര്‍ എന്നീ കമ്പനികളുമായി സഹകരിച്ച് പുന:ചംക്രമണം നടത്തും.
ജില്ലയ്ക്കകത്തും പുറത്തുമുള്ള ഐടിഐയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 250 ഓളം പേര് കളമശ്ശേരി ഐടിഐ കേന്ദ്രീകരിച്ച് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പല വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും ശുചീകരണ പരിപാടികളില്‍ പങ്കാളികളാണ്.
നാട് വെള്ളത്തിൽ മുങ്ങിത്താണപ്പോൾ ചാണ്ടി മുതലാളിയെ കണ്ടില്ല.. തോമസ് ചാണ്ടിയെ ട്രോളി ജയശങ്കർ
കൂടാതെ ഒഡീഷയില്‍ നിന്നുള്ള 30 പേരടങ്ങുന്ന സംഘം ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്നലെ കൊച്ചിയിലെത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടാതെ റിപ്പയറിങ്, പ്ലംബിങ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, മരപ്പണി, വെല്‍ഡിങ് എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ പരിശീലിപ്പിച്ച വരാണ് എത്തിയിരിക്കുന്നത്.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 പെട്രോള്‍ മോട്ടര്‍, പമ്പുകള്‍, പ്രഷര്‍ പമ്പുകള്‍, ഗംബൂട്ട്സ്, ബ്ലീച്ചിങ് പൗഡര്‍, ഫിനോയില്‍, മറ്റ് ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ പോലീസ് സേനയും ശുചീകരണ പ്രവര്‍ത്തനത്തില്‍ മുന്നിലുണ്ട്. കൂടാതെ കിഴക്കമ്പലം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്നുകരയിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. കൊടുങ്ങല്ലൂര്‍, ചെങ്ങമനാട് ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
രാഹുലിന്റെ ജീവന് തിരിച്ചുനല്‍കിയ 20 സെക്കന്‍ഡ്; വിമാനം നീങ്ങിയത് വന്‍ അപകടത്തിലേക്ക്: റിപ്പോര്‍ട്ട്
ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ സിജു തോമസ്, ഹരിത കേരള മിഷന് കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, നോഡല്‍ ഓഫീസര്‍ ടിമ്പിള്‍ മാഗി എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നൈപുണ്യ കര്മസേനകളുമായി ഐ റ്റി ഐകള്‍
കൊച്ചി: വ്യവസായ പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐറ്റിഐകളും ഹരിതകേരളം മിഷനും ചേര്‍ന്ന് ജില്ലയില്‍ നൈപുണ്യകര്മസേനകള് വഴി റിപ്പയിറിംഗ് വര്‍ക്കുകള്‍ ദ്രുതഗതിയില്‍ നടത്തിവരുന്നു. ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പെന്റര്‍, വെല്‍ഡിംഗ്, മെക്കാനിക്കല്‍ മേഖലകളിലെ പരിശീലനം കിട്ടിയ ഐറ്റിഐ വിദ്യാര്‍ത്ഥികള്‍, ഇന്‍സ്ട്രക്ടര്‍മാര്‍, അദ്ധ്യാപകര്‍, എന്നിവരടങ്ങിയ 200 ലേറെ പേരുടെ സംഘമാണ് പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെത്തി തകരാറുകള്‍ പരിഹരിക്കുന്നത്. റിപ്പയറിംഗ് വര്‍ക്കുകള്‍ക്ക് വേണ്ട ഉപകരണങ്ങള്‍ സഹിതം എത്തുന്ന നൈപുണ്യകര്മസേന വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന ടീമുകളായി തിരിഞ്ഞ് വീടുകള്‍ സന്ദര്‍ശിക്കും. കണ്ണൂര്‍, മലപ്പുറം, എറണാകുളം ജില്ലകളിലെ ഐറ്റിഐകളില്‍ നിന്നുള്ളവരുടെ സംഘം കഴിഞ്ഞ ഒരാഴ്ചയില്‍ 1000 ല്‍ അധികം വീടുകളില്‍ റിപ്പയറിംഗ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി.
പ്രളയം കൂടുതല്‍ ബാധിച്ച കരുമാലൂര്‍, നെടുമ്പാശേരി, കടുങ്ങല്ലൂര്‍, കോട്ടുവള്ളി പഞ്ചായത്തുകളിലും നോര്‍ത്ത് പറവൂര്‍, ഏലൂര്‍, മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റികളിലുമാണ് ഇവരെ വിന്യസിച്ചിട്ടുള്ളത്. പ്രളയാനന്തരമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സേവനം വളരെ ഉപകാരപ്രദമായെന്ന് വടക്കന്‍ പറവൂര്‍ ചെയര്മാന് രമേഷ് ഡി കുറിപ്പ് അഭിപ്രായപ്പെട്ടു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന പ്രകാരം അവിടങ്ങളിലെ മുഴുവന്‍ പുനരുദ്ധാരണ പ്രവര്‍ത്തങ്ങളും പൂര്‍ത്തിയാകുന്നതു വരെ ഇവര്‍ ജില്ലയില്‍ ക്യാമ്പ് ചെയ്യും. പദ്ധതി നോഡല്‍ ഓഫീസറായ കളമശേരി ഐറ്റിഐ പ്രിന്‍സിപ്പാള്‍ പി കെ രഘുനാഥന്റെ നേതൃത്വത്തിലാണ് നൈപുണ്യകര്മസേന പ്രവര്‍ത്തിക്കുന്നത്. കളമശേരിഐറ്റിഐ ക്യാമ്പസില്‍ ക്യാമ്പ് ചെയ്ത ശേഷം ജില്ലാ ഭരണകൂടം ലഭ്യമാക്കിയ വാഹനങ്ങളില്‍ വിവിധ പ്രദേശങ്ങളിലേക്ക് ദിവസവും പോകുകയാണ് ഇവര്‍. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ ഹരിത കേരളം മിഷന്റെ ജില്ലാ കോര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ഓഫീസ് സൂപ്രണ്ട് പ്രീതി എം ബി എന്നിവര്‍ ചേര്‍ന്നാണ് നൈപുണ്യകര്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.