ഞങ്ങള്‍ക്ക് 10000 രൂപ; ഭരണപക്ഷത്തിന് 25 ലക്ഷമെങ്കിലും കിട്ടിക്കാണും, തൃക്കാക്കര ഓണക്കോടി വിവാദം
കൊച്ചി: തൃക്കാക്കര മുന്‍സിപ്പാലിറ്റി അധ്യക്ഷ അജിത തങ്കപ്പന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് 10000 രൂപ വീതം വെറുതെ നല്‍കിയെന്ന് ആരോപണം. ഓണക്കോടിക്കൊപ്പമാണ് 43 അംഗങ്ങള്‍ക്കും പണം നല്‍കിയതത്രെ. പണത്തിന്റെ ഉറവിടത്തില്‍ സംശയം തോന്നി 18 അംഗങ്ങള്‍ തിരിച്ചുകൊടുത്തുവെന്നും പറയപ്പെടുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം.
കിടിലന്‍ ഓണം ലുക്കുമായി മഡോണ സെബാസ്റ്റിയന്‍; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍
എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നും തനിക്ക് അതിനുള്ള കഴിവില്ലെന്നും അധ്യക്ഷ അജിത തങ്കപ്പന്‍ പറയുന്നു. തന്നെ കരിവാരിത്തേക്കാനുള്ള ശ്രമമാണ്. സത്യം പുറത്ത് വരണം. നിയമപരമായി നീങ്ങുമെന്നും അവര്‍ പറഞ്ഞു. അതേസമയം, കവറില്‍ പണം നല്‍കിയത് ഞാന്‍ കണ്ടുവെന്ന് കോണ്‍ഗ്രസ് അംഗം പ്രതികരിച്ചു. ഇതോടെ കാര്യങ്ങള്‍ക്ക് ഗൗരവമേറി. വിശദാംശങ്ങള്‍ ഇങ്ങനെ....

വാര്‍ഡുകളിലേക്ക് ഓണക്കോടി നല്‍കാന്‍ നഗരസഭ തീരുമാനിച്ചിരുന്നു. ഇത് അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. ഈ വേളയില്‍ ക്യാബിനിലേക്ക് വിളിപ്പിച്ച് അധ്യക്ഷ അജിത തങ്കപ്പന്‍ പണം അടങ്ങിയ കവര്‍ നല്‍കി. 10000 രൂപയാണുണ്ടായിരുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 43 അംഗങ്ങള്‍ക്കും ഇത്തരത്തില്‍ പണം നല്‍കിയെന്നാണ് ആരോപണം.

യുഡിഎഫ് അധികാരത്തിലിരിക്കുന്ന തൃക്കാക്കര മുന്‍സിപ്പിലാറ്റിയില്‍ അധ്യക്ഷക്കെതിരെ പലവിധ ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. കൈയ്യാങ്കളിയുടെ വക്കിലും കാര്യങ്ങളെത്തി. ഹൈക്കോടതി നിര്‍ദേശ പ്രകാരം അജിത തങ്കപ്പന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഓണം വന്നതും ഓണക്കോടി നല്‍കാന്‍ തീരുമാനിച്ചതും. ഓണക്കോടിക്കൊപ്പം പണവും കൈമാറിയെന്ന ആരോപണം അജിത തങ്കപ്പന്‍ നിഷേധിച്ചു.

വാസ്തവ വിരുദ്ധമാണ് പ്രചാരണം. ഒരു വാര്‍ഡിലേക്ക് 15 ഓണക്കോടി നല്‍കാന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. അത് എന്റെ ക്യാബിനില്‍ വച്ച് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ പിന്നീട് കൂടി നില്‍ക്കുന്നത് കണ്ട് കാര്യം തിരക്കി. ഒരു പരാതി നല്‍കാനുണ്ട് എന്നാണ് പറഞ്ഞത്. കവറില്‍ പരാതി നല്‍കുകയും ചെയ്തു- അജിത തങ്കപ്പന്‍ പറയുന്നു

ഓണക്കോടി എണ്ണം കൂട്ടണമെന്നുള്ള പരാതിയാണ് എന്നാണ് കരുതിയത്. പൊട്ടിച്ചുനോക്കിയപ്പോള്‍ പേരും ഒപ്പുമില്ലാത്ത കുറിപ്പാണ് കണ്ടത്. പണമടങ്ങിയ കവര്‍ തിരിച്ചു നല്‍കി എന്നത് തെറ്റാണ്. അവര്‍ എനിക്ക് നല്‍കിയ കവറില്‍ പണം ഉണ്ടായിരുന്നില്ല. ചതിയാണ് നടന്നത്. പണം ഉണ്ടായിരുന്നുവെങ്കില്‍ അവരെടുത്ത വീഡിയോയില്‍ അതും കാണിക്കണമായിരുന്നുവെന്നും നിയമനടപടി സ്വീകിരക്കുമെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.

നഗരസഭയില്‍ നടന്ന ക്രമക്കേടുകളുമായി ഭാഗമായിട്ടാണ് ഇത്രയും പണം ലഭിച്ചത്. അത് അംഗങ്ങള്‍ക്ക് വീതംവെക്കുകയാണ് ചെയ്തിരിക്കുന്നത്. 10000 രൂപ അംഗങ്ങള്‍ക്ക് നല്‍കിയെങ്കില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള ഭരണസമിതിക്ക് 25 ലക്ഷം രൂപയെങ്കിലും കിട്ടിക്കാണണം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 18 കൗണ്‍സിലര്‍മാര്‍ പണം അടങ്ങുന്ന കവര്‍ തിരിച്ചുനല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അതേസമയം, തൃക്കാക്കര നഗരസഭാ അധ്യക്ഷക്കെതിരെ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് അംഗം രംഗത്തുവന്നു. 12ാം വാര്‍ഡിലെ കൗണ്‍സിലര്‍ വിഡി സുരേഷ് ആണ് കവറിലെ പണം കണ്ടുവെന്ന് മനോരമയോട് പറഞ്ഞത്. അത് ഞാന്‍ നേരിട്ടു കണ്ടു. പണം ഞാന്‍ കൈപ്പറ്റിയിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.

ഭരണസമിതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കുന്നതെന്ന് അജിത തങ്കപ്പന്‍ പറഞ്ഞു. 43 അംഗങ്ങള്‍ക്ക് ഇത്രയും പണം നല്‍കാനുള്ള കഴിവ് എനിക്കില്ല. ശാരീരികമായി ഉപദ്രവിച്ചതിന് പിന്നാലെയാണ് പുതിയ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. പ്രതിപക്ഷം കേസുമായി മുന്നോട്ട് പോകട്ടെ. സത്യം തെളിയും. നിയമപരമായി ഞാനും മുന്നോട്ട് പോകുമെന്നും അജിത തങ്കപ്പന്‍ പറഞ്ഞു.
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications